തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന 'വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്റെ ഭാഗമായി, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനുള്ള ക്യാമറ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു.
നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികളും ശക്തമാക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ എല്ലാ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി ജനകീയ സമിതികൾ രൂപീകരിക്കും.
ക്യാമറ നിരീക്ഷണത്തിന് പുറമേ വിദ്യാലയങ്ങൾ, കലാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെ വലിച്ചെറിയൽ മുക്തമാക്കുന്നതിനായി കൂടുതൽ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി മാപ് ചെയ്യാനും നടപടിയെടുക്കും.
കർശന സുരക്ഷ, പൊലീസ് കാവൽ
പുതുവർഷാഘോഷം അക്രമത്തിലും അപകടങ്ങളിലും കലാശിക്കാതിരിക്കാൻ പൊലീസ് പ്രത്യേക ജാഗ്രതയിലാണ്. ക്രമസമാധം ഉറപ്പാക്കി സുരക്ഷിതമായ ആഘോഷത്തിന് കനത്ത കാവലുണ്ടാകും. പൊതുസ്ഥലത്ത് മദ്യപാനം അനുവദിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും പിടികൂടും. രാത്രി 12ന് ശേഷം വാഹനപരിശോധനയുണ്ടാകും. ആഘോഷങ്ങൾ മയക്കുമരുന്നിൽ മുങ്ങാതിരിക്കാൻ പ്രത്യേക പരിശോധന നടത്തും. ക്രിമിനൽ സംഘങ്ങളെയും ഗുണ്ടാലിസ്റ്റിലുള്ളവരും പൊലീസ് പ്രത്യേകം നിരീക്ഷിച്ചുവരികയാണ്.
ദീപപ്രഭയിൽ നഗരം
പുതുവർഷത്തെ വരവേൽക്കാൻ പുഷ്‌പോത്സവവും ദീപാലങ്കാരവുമായി തലസ്ഥാനം അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. കനകക്കുന്നിൽ പുതുവർഷ തലേന്ന് കുടുംബത്തോടൊപ്പം ആളുകൾ കൂട്ടത്തോടെ എത്തുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്. സമീപത്തായി മാനവീയം വീഥിയും പുതുവർഷാഘോഷത്തിൽ മുഴുകും. പാട്ടും ഡാൻസും ഉൾപ്പെടെ യുവജനങ്ങൾ ഇവിടെയും ഒത്തുചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |