തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ ഉപദേശമില്ല. കടുത്ത ശിക്ഷ ഉറപ്പാക്കും. ശുചിത്വ മിഷനും തദ്ദേശവകുപ്പും ചേർന്ന് നടപ്പാക്കുന്ന പുതിയ പദ്ധതയനുസരിച്ചാണിത്. ഇതിന് തുടക്കം കുറിച്ച് പുതുവത്സര ദിനമായ ഇന്നലെ വലിച്ചെറിയൽ വിരുദ്ധ വാരാചരണം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
പാളയം സാഫല്യം കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു, നവകേരളം മിഷൻ കോഓർഡിനേറ്റർ ഡോ.ടി.എൻ. സീമ, തദ്ദേശഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ശുചിത്വ മിഷൻ ഡയറക്ടർമാരായ ഗംഗ ആർ.എസ്, കവിത എസ്, നീതുലാൽ ബി, കോർപ്പറേഷൻ സെക്രട്ടറി എസ്. ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു. പാളയത്ത് പുതുതായി സ്ഥാപിച്ച ബിന്നുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചെയ്യേണ്ടത്
മാലിന്യങ്ങൾ എത്ര വലുതായാലും ചെറുതായാലും ബിന്നുകളിൽ ഇടുകയോ വീടുകളിൽ കൊണ്ടുപോയി ഹരിതകർമ്മസേനാംഗങ്ങൾക്ക് കൈമാറുകയോ വേണം.
10000രൂപ പിഴ
പൊതുസ്ഥലങ്ങളിൽ ഏതൊരു പാഴ് വസ്തു വലിച്ചെറിഞ്ഞാലും 10000രൂപവരെ പിഴ ഈടാക്കും.
ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഒരു ലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും നൽകും.
ഫോട്ടോയെടുക്കാം, കാശു നേടാം
മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും അവസരം. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ വീഡിയോയോ പൊതുജനങ്ങൾക്ക് 9446 700 800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. വിവരമറിയിച്ച ആളിന് പിഴശിക്ഷയുടെ 25% ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |