മലപ്പുറം: തുല്യതാ പരീക്ഷയിലൂടെ പ്ലസ്ടു പാസായി, എൽ.എൽ.ബി പ്രവേശനം നേടി വക്കീൽ പഠനത്തിനൊരുങ്ങുകയാണ് 55കാരിയായ ജയരേഖ. കേരള നിയമ പ്രവേശന പരീക്ഷയിൽ 852-ാം റാങ്കും തിരുവാലി പുന്നപ്പാല സ്വദേശിയായ പടവെട്ടി ജയരേഖ സ്വന്തമാക്കി. ചെറുപ്പത്തിലേയുള്ള മോഹമായിരുന്നു വക്കീലാവുകയെന്നത്. പഠിക്കാൻ മിടുക്കിയായിരുന്നു ജയരേഖ 1984ൽ എസ്.എസ്.എൽ.സി ഫസ്റ്റ് ക്ലാസോടെ പാസായി. രണ്ടാംവർഷ പ്രീഡിഗ്രി പഠനത്തിനിടെ വിവാഹിതയായതോടെ പഠനം മുടങ്ങി. രണ്ടു മക്കളുടെ അമ്മ കൂടിയായപ്പോൾ വീട്ടമ്മയുടെ തിരക്കുകളിലായി. ഇതിനിടെ പ്രീപ്രൈമറി അദ്ധ്യാപക യോഗ്യത നേടി സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയായി. ഇംഗ്ലീഷ് ഗ്രാമർ ആയാസരഹിതമായി പഠിപ്പിക്കുന്നതിൽ വിദഗ്ദ്ധയാണ്. യു.പി ക്ലാസുകളിലെ 20 കുട്ടികൾക്ക് വീട്ടിൽ ഇംഗ്ലീഷ് ഗ്രാമർ ഉൾപ്പെടെ ട്യൂഷനെടുക്കുന്നുണ്ട്.
പഠനം കഴിഞ്ഞ് വിദേശത്ത് ജോലി കിട്ടി മക്കൾ പോയതോടെ തിരക്കൊഴിഞ്ഞു. തുടർന്ന് മനസിൽ സൂക്ഷിച്ച വക്കീൽമോഹം വീണ്ടും പൊടിതട്ടിയെടുത്തു. തപാൽ വകുപ്പിൽ നിന്ന് വിരമിച്ച ഭർത്താവ് പേലേപ്പുറത്ത് പോരൂർ സോമരാജൻ പിന്തുണ നൽകി. യു.കെയിൽ നഴ്സായ മകൾ ചിത്രയും ബഹ്‌റൈനിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ മകൻ വിഷ്ണുവും യു.കെയിലുള്ള മരുമകൻ കൃഷ്ണകുമാറും ജയരേഖയുടെ പഠനമോഹത്തിനൊപ്പമുണ്ട്.
പഠനം അതിവേഗത്തിൽ
മാർച്ചിലാണ് എൽ.എൽ.ബി പ്രവേശന പരീക്ഷയ്ക്ക് സ്വകാര്യ സ്ഥാപനത്തിന്റെ ഓൺലൈൻ കോച്ചിംഗിന് ചേർന്നത്. ഏറെ മുമ്പേ ക്ലാസ് തുടങ്ങിയിരുന്നെങ്കിലും ജയരേഖ അറിയാൻ വൈകി. ഏപ്രിലിൽ മകനും തൊട്ടുപിന്നാലെ മകളും പേരക്കുട്ടികളും നാട്ടിലെത്തി. മകന്റെ വിവാഹനിശ്ചയം കൂടിയായതോടെ തിരക്കിൽപ്പെട്ടു. മേയ് 20ന് മകൻ തിരിച്ചുപോയശേഷമാണ് പഠനമാരംഭിച്ചത്. കഴിയുന്നത്ര വേഗത്തിലും സമയം ചെലവഴിച്ചും പഠിച്ചു. ജൂൺ ഒന്നിനായിരുന്നു പരീക്ഷ. 360 മാർക്കിൽ 187 നേടി പ്രവേശന യോഗ്യത കരസ്ഥമാക്കി. കഴിഞ്ഞ ഒക്ടോബറിൽ പ്ലസ്ടു തുല്യത പരീക്ഷയിൽ 84 ശതമാനം മാർക്ക് നേടിയതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |