ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ സി. ബി.ഐ സ്‌പെഷൽ കോടതിയിൽ ഹാജരാക്കി. ജസ്റ്റിസ് അജയ്.കെ കുഹാറാണ് കേസ് പരിഗണിച്ചത്. ചിദംബരത്തെ കൂടുതൽ ചോദ്യം ചെയ്യാനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു.
ചിദംബരം പദവി ദുരുപയോഗം ചെയ്‌തെന്നും, അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും, ഗൂഢാലോചന തെളിയിക്കാൻ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നും സി.ബി.ഐക്ക് വേണ്ടി സോളിസ്റ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇന്ദ്രാണി മുഖർജി പണം നൽകിയതിന് തെളിവുകളുണ്ടെന്നും, ജാമ്യമില്ലാ വാറണ്ട് ഉള്ളതിനാലാണ് അറസ്റ്റ് ചെയ്തതെന്നും തുഷാർ മേത്ത വാദിച്ചു. കേസ് ഡയറി കോടതിയിൽ ഹാജരാക്കി.
അതേസമയം കേസിലെ അന്വേഷണം പൂർത്തിയായതാണെന്ന് ചിദംബരത്തിന് വേണ്ടി കപിൽ സിബൽ കോടതിയിൽ വാദിച്ചു. വിദേശ നിക്ഷേപത്തിന് ആറ് സർക്കാർ സെക്രട്ടറിമാരാണ് അനുമതി നൽകിയതെന്നും, അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കപിൽ സിബൽ കോടതിയിൽ പറഞ്ഞു. മാപ്പ് സാക്ഷിയും മറ്റൊരു കേസിലെ പ്രതിയുമായ ഇന്ദ്രാണി മുഖർജിയുടെ മൊഴിക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്ന് അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ചോദിച്ചു. കാർത്തി ചിദംബരവും നളിനി ചിദംബരവും കോടതിയിലെത്തിയിരുന്നു.
ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ 'ഒളിവിൽപോയ' പി. ചിദംബരത്തെ കണ്ടെത്താൻ സി.ബി.ഐയും എൻഫോഴ്സ്‌മെന്റും ഇന്നലെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. ഏജൻസികൾ വ്യാപകമായി തന്നെ തിരയുന്നതിനിടെ, ഇരുപത്തിയേഴ് മണിക്കൂർ ഒളിവിലായിരുന്നചിദംബരം രാത്രി എട്ട് മണിയോടെ അപ്രതീക്ഷിതമായി കോൺഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെടുകയായിരുന്നു. അഭിഭാഷകരായ കപിൽ സിബലിനും മനു അഭിഷേക് സിംഗ്‌വിക്കും ഒപ്പം എത്തിയ അദ്ദേഹം ഹ്രസ്വമായ പത്രസമ്മേളനം നടത്തി. എഴുതിതയ്യാറാക്കിയ പ്രസ്‌താവന വായിച്ച ശേഷം ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ ജോർബാഗിലെ വസതിയിലേക്ക് പോയി
നാടകീയ സംഭവങ്ങൾക്കൊടുവിൽ ജോർബാഗിലെ വസതിയിൽ നിന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ശേഷം സി.ബി.ഐ ആസ്ഥാനത്ത് ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഐ.എൻ.എക്സ് മീഡിയ എന്ന മാദ്ധ്യമ കമ്പനിയ്ക്ക് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാൻ സഹായിച്ചുവെന്നും പ്രതിഫലമായി കാർത്തി കോഴപ്പണം വാങ്ങിയെന്നും പദവികൾ ലഭിച്ചുവെന്നുമാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |