തിരുവനന്തപുരം: സസ്പെൻഷനിലായ ഐ.എ.എസ്. ഓഫീസർമാരിൽ വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരായ നടപടി അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ റിവ്യു കമ്മിറ്റി ശുപാർശ. അതേസമയം ഇദ്ദേഹത്തിനൊപ്പം സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെതിരായ നടപടിയിൽ തീരുമാനമായില്ല.ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ അവസാനിപ്പിക്കാമെന്നും ചാർജ് മെമ്മോയ്ക്ക് പ്രശാന്തിന്റെ മറുപടി കിട്ടിയിട്ടില്ലെന്നുമാണ് ശുപാർശ റിപ്പോർട്ട്.രണ്ടുപേരുടെ കാര്യത്തിലും
ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
ഒക്ടോബർ 31ന് ഗോപാലകൃഷ്ണൻ അഡ്മിൻ ആയി ആദ്യം 'മല്ലു ഹിന്ദു ഓഫീസേഴ്സ്' ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെ തുടർന്നുള്ള അന്വേഷണമാണ് സസ്‌പെൻഷനിൽ കലാശിച്ചത്. ഐ.എ.എസുകാർക്കിടയിലെ ഐക്യം തകർക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണൻ ശ്രമിച്ചെന്നു ചീഫ് സെക്രട്ടറി സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വാദത്തിനു തെളിവില്ലെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ ഒഴിവാക്കിയാണു ചാർജ് മെമ്മോ നൽകിയിരുന്നത്. കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പരാമർശങ്ങളടങ്ങിയ സന്ദേശങ്ങൾ ഗ്രൂപ്പിൽ ഇല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നാണു പ്രാഥമികന്വേഷണം നടത്തിയ നർകോട്ടിക്സ് സെൽ അസിസ്റ്റന്റ് കമ്മിഷണർ അജിത്ചന്ദ്രൻ നായരുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സ്വന്തം ഫോൺ റീസെറ്റ് ചെയ്തു വിവരങ്ങളെല്ലാം ഗോപാലകൃഷ്ണൻ നീക്കിയതിനാൽ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാകാത്തതും വെല്ലുവിളിയായി.
'ഉന്നതി' സി.ഇ.ഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ എ. ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാദ്ധ്യമത്തിൽ നടത്തിയ രൂക്ഷ വിമർശനമാണ് സസ്‌പെൻഷൻ വിളിച്ചുവരുത്തിയത്.ഫയൽ മുക്കിയെന്ന ആരോപണം വ്യാജമെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.ഇത് ശരിയാണെന്ന മട്ടിൽ കൂടുതൽ തെളിവുകളും പിന്നീട് പുറത്തുവന്നിരുന്നു. കൂടുതൽ പ്രകോപിതനായി പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് വക്കീൽനോട്ടീസും പിന്നാലെ ഏഴ് ചോദ്യങ്ങൾ ഉന്നയിച്ച് കത്തും നൽകിയത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |