തിരുവനന്തപുരം:റാങ്ക്ലിസ്റ്റിന്റെ കാലാവധി തീരാൻ നാല് മാസം മാത്രം ശേഷിക്കെ എൽ.പി അദ്ധ്യാപക നിയമനത്തിൽ മെല്ലെപ്പോക്ക്. സ്‌കൂളുകളിലെ അദ്ധ്യാപക ഒഴിവുകൾ സംബന്ധിച്ച് കണക്കെടുത്തിട്ടും യഥാസമയം റിപ്പോർട്ട് ചെയ്യാൻ അധികൃതർ തയ്യാറാകാത്തതിനാൽ നിയമനം ഇഴയുന്നു.
ഇതുവരെ 4614 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്. കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്ന് 14 ജില്ലകളിലായി 6294 പേർക്ക് നിയമനം ലഭിച്ചിരുന്നു. ഏറ്റവും കുറവ് നിയമനമുണ്ടായ ലിസ്റ്റാണിതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
കഴിഞ്ഞ മൂന്നു വർഷവും സ്കൂളുകളിൽ തസ്തിക നിർണയം നടത്തിയിരുന്നു. എന്നാൽ അതിനനുസരിച്ച് ഒഴിവ് നിർണയിക്കുകയോ പി.എസ്.സിയിൽ ഒഴിവ് അറിയിക്കുകയോ ഉണ്ടായിട്ടില്ല. അദ്ധ്യാപകരുടെ 2325 തസ്തിക സൃഷ്ടിച്ചിരുന്നെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്‌തിട്ടില്ല.
2025 മേയ് 30 നാണ് റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. സ്കൂളുകളിൽ അദ്ധ്യാപകർ വിരമിക്കുന്നത് മേയ് 31-നാണ്. പുതിയ ഒഴിവുകൾ നിലവിൽ വരുന്നത് ജൂൺ മാസത്തിലാണ്. ഇക്കാരണത്താൽ വിരമിക്കലിന് ആനുപാതികമായ ഒഴിവുകളിൽ പോലും നിയമനം നിലവിലെ പട്ടികയിൽപ്പെട്ടവർക്ക് ലഭ്യമാകില്ല. നിലവിലെ സ്ഥിതി കണക്കിലെടുത്ത് നേരത്തെ സൃഷ്ടിക്കപ്പെട്ട 2325 തസ്‌തികയ്ക്ക് ആനുപാതികമായി നിയമനം നടത്തുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.ഇക്കാര്യം സർക്കാർ ഗൗരവത്തിലെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |