ശംഖുംമുഖം: മോശം കാലാവസ്ഥയെ തുടർന്ന് കൊളംബോയിലിറങ്ങേണ്ട തുർക്കി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. മണിക്കൂറുകൾക്കു ശേഷം ശ്രീലങ്കയിലെ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായെങ്കിലും ക്രൂ സമയം കഴിഞ്ഞതിനാൽ വിമാനം പറത്താൻ പൈലറ്റ് തയ്യാറായില്ല. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി നഗരത്തിലെ ഹോട്ടലുകളിൽ പാർപ്പിച്ചു. യാത്രക്കാരുമായി വിമാനം നാളെ കൊളംബോയിലേക്ക് തിരിക്കും.
ഇന്നലെ തുർക്കിയിലെ ഇസ്താംബൂളിൽ നിന്നു കോളംബോ വിമാനത്താവളത്തിലേക്ക് 299 യാത്രക്കാരും 10 ക്രൂവുമായി പോയ വിമാനമാണ് ലാൻഡിംഗ് നടത്താൻ കഴിയാതെ തിരുവനന്തപുരത്ത് എത്തിയത്. രാവിലെ 6.51ന് ലാൻഡിംഗ് നടത്തി. മൂന്ന് മണിക്കൂറിനു ശേഷം കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായെന്ന് അറിയിപ്പ് വന്നെങ്കിലും വിമാനത്തിന് പുറപ്പെടാനായില്ല. വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നത് വൈകുകയും ക്രൂവിന്റെ ജോലി സമയം കഴിയുകയും ചെയ്തതോടെയാണ് തടസമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുമുമ്പ് ക്രൂ സമയം കഴിഞ്ഞാൽ നിലവിലുള്ള ക്രൂവിന്റെ നേതൃത്വത്തിൽ വിമാനം പറത്താൻ പാടില്ലെന്നാണ് അന്താരാഷ്ട്ര വ്യോമ ഗതാഗത നിയമത്തിൽ പറയുന്നത്. തുടർന്ന് പ്രത്യേക ലാൻഡിംഗ് അനുമതി വാങ്ങി യാത്രക്കാരെയും ക്രൂവിനെയും നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ശ്രീലങ്കയിലും നെതർലൻഡിലുമുള്ളവരാണ് വിമാനത്തിലെ യാത്രക്കാരിൽ കൂടുതലും.
മോശം കാലാവസ്ഥയിലും തിരുവനന്തപുരം സജ്ജം
ഏത് മോശം കാലാവസ്ഥയാണെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്താനാകുമെന്ന് അധികൃതർ പറയുന്നു. വിമാനത്താവളത്തിലെ ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകളുള്ളതിനാലാണിത്. കടലിന് അഭിമുഖമായി കിടക്കുന്ന വിമാനത്താവളത്തിൽ കടൽക്കാറ്റ് ഏൽക്കുന്നതിനാൽ മൂടൽമഞ്ഞിന് കൂടുതൽ സമയം ദൃഷ്ടി മറയ്ക്കാൻ കഴിയില്ല. ഇതിനുപുറമേ ഏത് പ്രതികൂല കാലാവസ്ഥയിലും പൈലറ്റുമാർക്ക് റൺവേ കൃത്യമായി കാണാനുമാകും. കാലാവസ്ഥയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാൻ കഴിയുന്ന ദൃഷ്ടിയെന്ന ട്രാൻസ്മിസോമീറ്ററും, റൺവേ കാണാതെ തന്നെ വിമാനമിറക്കാൻ സഹായിക്കുന്ന ഇൻസ്ട്രമെന്റ് ലാൻഡിംഗ് സംവിധാനവും തിരുവനന്തപുരത്ത് സജ്ജം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |