തിരുവനന്തപുരം: ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിക്കുന്നതിനിടെ മോഷണക്കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.ചാക്ക ആൾ സെയിന്റ്സ് ബാലനഗർ പുതുവൽ പുത്തൻവീട്ടിൽ അനൂപ് ആന്റണിയാണ് (30) പേരൂർക്കട പൊലീസിന്റെ പിടിയിൽനിന്ന് ചാടിപ്പോയത്.
വണ്ടിത്തടം സ്വദേശിയായ ഷംലയുടെ പേരിലുള്ള കാർ തകർക്കുകയും മകൻ ഷാനിന്റെ ബൈക്ക് തീയിട്ട് നശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് തിരുവല്ലം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.ചോദ്യം ചെയ്യലിനിടെ ഇയാൾ പേരൂർക്കട സ്റ്റേഷൻ പരിധിയിലെ അമ്പലംമുക്ക് എൻ.സി.സി റോഡ് രാമപുരം പാലാംവിള ഇശക്കിയമ്മൻ ക്ഷേത്രത്തിലെ മോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു.
തുടർന്നാണ് അനൂപിനെ പേരൂർക്കട പൊലീസിനു കൈമാറിയത്. ദേഹപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ ഇയാൾ നെഞ്ചുവേദന അഭിനയിച്ചു. തുടർന്ന് ഇയാളുടെ വിലങ്ങ് ഒരു കൈയിൽ നിന്ന് അഴിച്ചപ്പോഴാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. കൈവിലങ്ങുമായാണ് ഇയാൾ രക്ഷപ്പെട്ടതെന്നും 35 ഓളം കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |