@ 18 സംരംഭം, 200 സ്ത്രീ തൊഴിലാളികൾ
കോഴക്കോട് : മെച്ചപ്പെട്ട തൊഴിലിടങ്ങൾ സൃഷ്ടിച്ച് സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളെ ചേർത്തുപിടിച്ച് ജില്ലാ പഞ്ചായത്ത്. 27 വാർഡുകളിൽ കുടുംബശ്രീ വഴി നടപ്പാക്കുന്ന വിവിധ തൊഴിൽ സംരംഭങ്ങളിൽ ജോലി ചെയ്യുന്നത് 200 ഓളം സ്ത്രീകൾ. 2023 ലെ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ 10 കോടിയോളം രൂപയാണ് സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായി മാറ്റിവെച്ചത്. ഇതിൽ നിന്ന് അനുവദിച്ച തുകയും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതി വിഹിതവും ഉൾപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് സ്ത്രീ സംരംഭകർക്ക് സാമ്പത്തിക പിന്തുണ നൽകുന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന പേരാമ്പ്രയിലെ കുട്ടികളുടെ വസ്ത്ര നിർമാണ യൂണിറ്റ് 'അപ്പാരൽ' ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. നാല് യൂണിറ്റുകളിൽ നിന്നായി 30 ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കൂടരഞ്ഞി, കുറ്റ്യാടി, മൂടാടി പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള എട്ട് യൂണിറ്റുകളിലായി ന്യൂട്രിമിക്സ് ( അമൃതം പൊടി ) നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നു. 1.5 കോടി രൂപ ചെലവാക്കിയാണ് കൂടരഞ്ഞിയിലെ ന്യൂട്രിമിക്സ് യൂണിറ്റ് പ്രവർത്തനസജ്ജമാക്കിയത്. 'എ പ്ലസ് ' എന്ന ബ്രാൻഡിൽ കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കുന്ന ആറ് യൂണിറ്റുകളും, രണ്ട് ഫിഷ് കട്ടിംഗ് യൂണിറ്റുകളും വിവിധ പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്നു. വേളം പഞ്ചായത്തിൽ നെല്ല് കുത്തി അരിയാക്കുന്നതിനുള്ള ഒരു കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. എല്ലാ സംരംഭങ്ങളും നല്ലരീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ പറഞ്ഞു.
2024 ൽ 'ശുചിത്വസേന' എന്നൊരു സംരംഭവും ജില്ലാ പഞ്ചായത്ത് ആരംഭിച്ചിരുന്നു. ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ ശുചീകരണ ജോലികൾ ശുചിത്വസേന ഏറ്റെടുത്ത് ചെയ്യും. ആദ്യ ഘട്ടത്തിൽ 10 പേർ വീതമുള്ള ആറ് യൂണിറ്റുകളാണ് സജ്ജമാക്കാനാണ് തീരുമാനിച്ചത്. ഇതിൽ നാലെണ്ണം പ്രവർത്തന സജ്ജമായി. സ്വകാര്യ സ്ഥാപനങ്ങളും , വീടുകളും വൃത്തിയാക്കുന്ന ജോലികളും ഇവർ ഏർപ്പെടുത്ത് നടത്തും.
നടപ്പാകാതെ പോയ സ്വപ്ന പദ്ധതി
2023 ലെ ബഡ്ജറ്റിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ കാക്കൂരിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ഗ്ലൂക്കോസ് നിർമാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഗ്ലൂക്കോസ് നിർമാണ യൂണിറ്റിന് ലൈസൻസ് ലഭിക്കാതായതോടെ പദ്ധതി മുടങ്ങിപ്പോയി.
'ജില്ലയിൽ 200 ഓളം സ്ത്രീകളാണ് വിവിധ പദ്ധതികൾക്ക് കീഴിലായി നിലവിൽ ജോലി ചെയ്യുന്നത്. ഇനിയും ഇത്തരം പദ്ധതികൾ ആവിഷ്‌കരിച്ച് സ്ത്രീകൾക്ക് തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം
വി.പി ജമീല, ചെയർപേഴ്സൺ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |