തിരുവനന്തപുരം: യൂട്യൂബ് വഴി മോശമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് നടി മാലാ പാർവതി സെെബർ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം സെെബർ പൊലീസിനാണ് പരാതി നൽകിയത്. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിനിമയിൽ നിന്നുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ ചില യൂട്യൂബർമാർ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ വീഡിയോകളുടെ ലിങ്കും പരാതിയുടെ കൂടെ നടി നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം നടി ഹണി റോസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഹണി റോസിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എറണാകുളം സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. സെൻട്രൽ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
അവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു. ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പരിശോധിക്കും. സ്ത്രീത്വത്തെ അപമാനിക്കും വിധം സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയത്. പരാതി നൽകിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
നേരത്തെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ലെെംഗികാധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെ ഹണി റോസ് പരാതി നൽകിയിരുന്നു. 30 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം പേജിൽ അധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെയും പൊലീസ് നടപടി എടുക്കാൻ ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |