
തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അന്വേഷണത്തിനെത്തി. ബാങ്ക് പ്രസിഡന്റ് ഭാസ്കരൻ നായർ ഉൾപ്പെടെ ബോർഡ് അംഗങ്ങളെ വിവരശേഖരണത്തിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചു. അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വി.രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് കഴിഞ്ഞ ദിവസം ബാങ്കിലെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെ ബോർഡ് അംഗങ്ങളെ വിളിപ്പിച്ചത്. ഇതേ തുടർന്ന് വെള്ളിയാഴ്ച ഭരണസമിതി അംഗങ്ങൾ ക്രൈംബ്രാഞ്ചിന് മുന്നിൽ വിവരങ്ങൾ കൈമാറാാൻ ഹാജരായി. അറസ്റ്റ് ഉൾപ്പെടെയുള്ള നീക്കങ്ങൾ പിന്നാലെയുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം.
തട്ടിപ്പുകാരെ സംരക്ഷിക്കുന്നു:
നിക്ഷേപക കൂട്ടായ്മ
ലോൺ അടയ്ക്കാനെത്തുന്നവരിൽ നിന്ന് പണം കൈപ്പറ്റിയശേഷം യഥേഷ്ടം തങ്ങളുടെ സ്വന്തക്കാർക്കും പാർട്ടിക്കാർക്കും പണം വീതംവച്ചു നൽകുന്ന പരിപാടിയാണ് ബാങ്കിൽ ഇപ്പോൾ നടക്കുന്നതെന്ന് നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ ആരോപിക്കുന്നു. രണ്ടുദിവസം മുൻപ് ശാന്തിവിള കുരുമി കരടിയോട് സ്വദേശി ബാങ്കിൽ അടച്ച 1,25,000 രൂപയിൽ 50,000 രൂപ വിവാഹാവശ്യത്തിനെന്നു പറഞ്ഞെത്തിയ ഒരു നിക്ഷേപകന് നൽകിയെന്നും ബാക്കി 75,000 രൂപ കാണാനില്ലെന്നും നിക്ഷേപക കൂട്ടായ്മ ആരോപിച്ചു.പണം കിട്ടാനുള്ള പലരെയും ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.
നടപടിയുണ്ടായില്ലെന്ന്
400ഓളം പേരുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നേമം സർവീസ് സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടും ഒരാളെ പോലും ചോദ്യം ചെയ്യുകയോ,
അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |