പത്തനംതിട്ട : മകരജ്യോതി ദർശനവുമായി ബന്ധപ്പെട്ട് വിവിധ വ്യൂ പോയിന്റുകളിൽ ക്രമീകരണം ഏർപ്പെടുത്തി. തീർത്ഥാടകർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. കാടുകൾ വെട്ടിത്തെളിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കും. അപകടസാദ്ധ്യത ഉള്ളതിനാൽ അയ്യൻമല വ്യൂ പോയിന്റിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. അപകടമുന്നറിയിപ്പുമായി വിവിധ ഭാഷയിലുള്ള ബോർഡുകൾ സ്ഥാപിക്കും. തീർത്ഥാടകരെ നിയന്ത്രിക്കാൻ പൊലിസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കും.
പഞ്ഞിപ്പാറ വ്യൂ പോയിന്റ്
1000 തീർത്ഥാടകർക്കാണ് പ്രവേശനം. പഞ്ഞിപ്പാറ, ആങ്ങമൂഴി വ്യൂ പോയിന്റുകളിൽ മെഡിക്കൽ ടീം ഉൾപ്പെടെ ഓരോ ആംബുലൻസുണ്ടാകും. എട്ട് ബയോ ടോയ്ലറ്റുകൾ തയ്യാറാക്കി. തീർത്ഥാടകരുടെ വാഹനം ആങ്ങമൂഴി പ്ലാപ്പള്ളി പാതയുടെ വശത്ത് പാർക്ക് ചെയ്യണം.
ഇലവുങ്കൽ വ്യൂ പോയിന്റ്
തീർത്ഥാടകരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തി. മെഡിക്കൽ ടീം ഉൾപ്പെടെ ആംബുലൻസുണ്ടാകും. കുടിവെള്ളം വിതരണം ചെയ്യും. ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം മൂന്ന് അസ്‌ക ലൈറ്റ് ഒരുക്കും. എലിഫറ്റ് സ്‌ക്വാഡിന്റെയും സ്‌നേക്ക് റെസ്‌ക്യൂ ടീമിന്റെയും സേവനമുണ്ടാകും.
നെല്ലിമല വ്യൂ പോയിന്റ്
800 തീർത്ഥാടകർക്കാണ് പ്രവേശനം. തുലാപ്പള്ളിയിലാണ് പാർക്കിംഗ് സൗകര്യം. മെഡിക്കൽ ടീം ഉൾപ്പെടെ ആംബുലൻസുണ്ടാകും.
അട്ടത്തോട് വെസ്റ്റ് വ്യൂ പോയിന്റ്
തീർത്ഥാടകരുടെ എണ്ണം 300 ആയി പരിമിതപ്പെടുത്തി. മെഡിക്കൽ ടീം ഉൾപ്പെടെ ആംബുലൻസുണ്ടാകും. നിലയ്ക്കൽ ബെയിസ് ക്യാമ്പിലാണ് പാർക്കിംഗ് സൗകര്യം.
അട്ടത്തോട് ഈസ്റ്റ് വ്യൂ പോയിന്റ്
2500 തീർത്ഥാടകരെ പ്രവേശിപ്പിക്കും. നിലയ്ക്കൽ ബേസ് ക്യാമ്പിലാണ് വാഹനങ്ങളുടെ പാർക്കിംഗ്. വ്യൂ പോയിന്റിൽ ബാരിക്കേഡുകൾ സ്ഥാപിക്കും.
ഹിൽടോപ്പ് വ്യൂ പോയിന്റ്
8000 തീർത്ഥാടകർക്കാണ് പ്രവേശനം. കുടിവെള്ളവും ആഹാരവും ദേവസ്വം ഉറപ്പുവരുത്തും. വ്യു പോയിന്റുകളിൽ നിലവിലെ ബാരിക്കേഡുകൾക്ക് മുന്നിലായി അധിക ബാരിക്കേഡുകൾ സ്ഥാപിക്കും. ബയോ ടോയ്ലറ്റുകൾ ഉറപ്പാക്കും.നാളെ മുതൽ 15 വരെ ഹിൽടോപ്പിൽ പാർക്കിംഗ് നിരോധിച്ചു. മകരജ്യോതി ദർശനത്തിന് ശേഷം പമ്പ മുതൽ നിലയ്ക്കൽ വരെ 300 ഓളം കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |