പത്തനംതിട്ട : പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഇതുവരെ 20 പേർ അറസ്റ്റിലായി. കേസിൽ നേരത്തെ 14 പേർ അറസ്റ്റിലായിരുന്നു. ഇന്ന് റാന്നിയിൽ നിന്നുള്ള ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. ഒരാഴ്ച മുമ്പ് വിവാഹം നിശ്ചയിച്ചയാളും പ്ലസ് ടു വിദ്യാർത്ഥിയും ഇന്ന് അറസ്റ്റിലായവരിൽ പെടുന്നു. സംഭവത്തിൽ വിവിധ സ്റ്രേഷനുകളിലായി ഏഴ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കേസ് സംബന്ധിച്ച അടിയന്തര റിപ്പോർട്ട് നൽകാൻ പത്തനംതിട്ട എസ്.പിയോട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു.
പെൺകുട്ടിയെ 13ാം വയസിൽ സുഹൃത്തായ സുബിൻ ആണ് ആദ്യം ലൈഗികമായി പീഡിപ്പിച്ചത്. റബർ തോട്ടത്തിൽ നച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. സുബിൻ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചതായും പൊലീസ് പറഞ്ഞു. 64 പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ഇതിൽ 62 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ദുരുപയോഗം ചെയ്തെന്നാണ് കണ്ടെത്തൽ. പെൺകുട്ടിയുടെ കുടുംബ സാഹചര്യവും പ്രതികൾ ചൂഷണം ചെയ്തു.
പിതാവിന്റെ ഫോൺ രാത്രി പെൺകുട്ടി ഉപയോഗിക്കുമായിരുന്നു, അങ്ങനെ സംസാരിച്ചിരുന്നവരും പരിചയപ്പെട്ടവരും പീഡിപ്പിച്ചവരിൽ പെടുന്നു. കാറിൽവച്ചും സ്കൂളിൽ വച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്കൂൾതല കായികതാരമായ പെൺകുട്ടി ക്യാമ്പിൽ വച്ചും പീഡനത്തിനിരയായി. വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പത്തനംതിട്ട പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |