തിരുവനന്തപുരം: നാശോന്മുഖമായി കിടന്നിരുന്ന ശ്രീകണ്ഠേശ്വരം പാർക്കിന്റെ നവീകരണം പൂർത്തിയാകുന്നു. ഉടൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.സ്മാർട്ട് സിറ്രിയുടെ 95 ലക്ഷവും,എം.എ.യൂസഫലിയുടെ 25 ലക്ഷത്തിന്റെ സി.ഇ.ആർ(കോർപ്പറേറ്റ് എൺവയൺമെന്റ് റസ്പോൺസിബിലിറ്റി ഫണ്ട്) ഫണ്ടും ഉൾപ്പെടെ 1.20 കോടി രൂപ ചെലവിട്ടാണ് പാർക്ക് നവീകരിക്കുന്നത്. പാർക്കിന്റെ 95 ശതമാനം ജോലികളും പൂർത്തിയായി.
ബുക്ക് തുറക്കുന്നതുപോലുള്ള പാർക്കിന്റെ പ്രധാന കവാടം തന്നെ ശ്രീകണ്ഠേശ്വരത്തിനും മലയാള ഭാഷയ്ക്കും നൽകുന്ന ആദരവാണ്. പാർക്കിലേക്ക് കയറുന്നിടത്ത് ശ്രീകണ്ഠേശ്വരത്തിന്റെ പ്രതിമയും സ്ഥാപിക്കും.
സാഹിത്യ സംബന്ധിയായ ചെറിയ കൂട്ടായ്മകൾക്കും സമ്മേളനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് പാർക്കിന്റെ നിർമ്മിതി. 200ഓളം പേർക്ക് ഒത്തുകൂടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്റ്റേജിന് മുന്നിലായും പാർക്കിന്റെ ഓരം ചേർത്തും കൽബെഞ്ചുകൾ ഇട്ടിട്ടുണ്ട്. സന്ദർശകർക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള വിശാലമായ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്കുള്ള സൈക്സിംഗ് ട്രാക്കും ഒരുക്കിയിട്ടുണ്ട്. ബുക്കുകൾ സൂക്ഷിക്കാനും വരുന്നവർക്ക് വായിക്കാനുമായി ചെറിയൊരു ലൈബ്രറിയുമുണ്ട്.
പേരിന് മാറ്റം
ശബ്ദതാരാവലിയുടെ ഉപജ്ഞാതാവ് ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ളയുടെ പേരിലാണ് പാർക്ക് നവീകരിക്കുന്നത്. ഇൻ മെമ്മോറിയം ഒഫ് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള ലിറ്റററി പാർക്ക് എന്നാവും ഇനി മുതൽ പാർക്ക് അറിയപ്പെടുക.
ഇനി നടക്കാനുള്ളത്
ലാൻഡ് സ്കേപ്പിംഗ്
പുല്ലുകൊണ്ടുള്ള ടർഫിംഗ് ജോലികൾ
ലൈറ്റ് സെറ്രിംഗ്സ്
ഭംഗിയാക്കൽ
പദ്ധതിച്ചുമതല -സ്മാർട്ട് സിറ്റി
ചെലവ് - 1.20 കോടി
നിർമ്മാതാക്കൾ - ജില്ലാ നിർമ്മിതി കേന്ദ്രം
പാർക്കിന്റെ ബാക്കി ജോലികൾ ഉടൻ തുടങ്ങും. ആദ്യ ഗഡു 50 ലക്ഷത്തോളം രൂപയുടെ ഫണ്ട് പാസായി കിട്ടാനുണ്ട്. ഫണ്ട് മാറുന്ന മുറയ്ക്ക് അടുത്ത ഘട്ടം ജോലികൾ പൂർത്തിയാക്കി പാർക്ക് അധികൃതർക്ക് കൈമാറും.
ശ്രീജ.ജി.ആർ,പ്രോജക്ട് മാനേജർ,
ജില്ലാ നിർമ്മിതി കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |