തിരുവനന്തപുരം: ഗവ.വിമൻസ് കോളേജിന്റെ 125-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ധനസഹായത്തോടെ മൾട്ടി ഡിസിപ്ലിനറി അക്കാഡമിക് ഫെസ്റ്റ് 'കോഗ്നിറ്റോപ്പിയ' എന്ന ബൃഹത് മേള ഒരുക്കും.16,17,18 തീയതികളിലായി രാവിലെ മുതൽ രാത്രി വരെ നടത്തുന്ന പ്രദർശനമേളയിൽ വിദ്യാഭ്യാസം,ശാസ്ത്രം,സാങ്കേതികവിദ്യ,ഭാഷ,സാഹിത്യം,സംസ്‌കാരം എന്നിവയെ ഒരുമിപ്പിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ജെ.എസ്.അനില,കൺവീനർമാരായ പ്രൊഫ.എസ്.കെ.ഗുഡ്‌വിൻ,ടി.എസ്.രാജി, ഡോ.വി.സിതാരാബാലൻ, കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫിദ എ.ഫാത്തിമ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ്,ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, ഐ.എസ്.ആർ.ഒ, ആർ.സി.സി,റിസർവ് ബാങ്ക് ഒഫ് ഇന്ത്യ,കൂടംകുളം ആണവനിലയം, എൻ.സി.സിയുടെ ആർമി, നേവി,എയർഫോഴ്സ് വിംഗുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം.
മൂന്ന് മെയിൻ തീമുകളും 31 സബ് തീമുകളുമുള്ള ഇന്റർനാഷണൽ കോൺഫറൻസും കോഗ്നിറ്റോപ്പിയയിൽ നടക്കും. സയൻസ്,ആർട്സ്,സോഷ്യൽ സയൻസ്,ഭാഷ,സാഹിത്യം,സംസ്‌കാരം തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും.
പ്രസിദ്ധമായ ഏഴ് സിനിമകളുടെ പ്രദർശനം ഉൾപ്പെടുത്തി ഫിലിം ഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്. കോളേജിലെ 'പ്രാപ്ത 'യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'താഹിറ' എന്ന സിനിമയും പ്രദർശിപ്പിക്കും. ലോകസിനിമയുടെ ചരിത്രത്തിൽ ആദ്യമായി പൂർണമായും അന്ധനായ ഒരു വ്യക്തി നായകനായി അഭിനയിക്കുകയും ഡബ് ചെയ്യുകയും ചെയ്ത സിനിമയാണ് താഹിറ. നായകവേഷമിട്ട ക്ലിന്റ് മാത്യുവുമായി അഭിമുഖവും നടക്കും. മ്യൂസിക് ബാൻഡ് ഉൾപ്പെടെ വിവിധ കലാപരിപാടികളും നടക്കും. 16ന് രാവിലെ 10ന് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.18ന് സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |