ചിറയിൻകീഴ്: നിരോധിത ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ. ശാർക്കര ഒറ്റപ്പന തെരുവിൽ തൈവിളാകം വീട്ടിൽ കൊച്ചുമോൻ എന്ന ഷാജഹാൻ(28),മുട്ടത്തറ വള്ളക്കടവ് പുതുവൽ പുത്തൻ വീട്ടിൽ നിസാം (25) എന്നിവരെയാണ് ചിറയിൻകീഴ് എക്സൈസ് സംഘം പിടികൂടിയത്. പെരുമാതുറ മാടൻവിള പാലത്തിന് സമീപം നടത്തിയ റെയ്ഡിൽ വിൽപ്പനയ്ക്കായി കരുതിവച്ച 600ഗ്രാം എം.ഡിഎം.എ, 10 ഗ്രാം കഞ്ചാവ് എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികളുമായി സംഭവസ്ഥലത്ത് നിന്നും മടങ്ങാൻ ശ്രമിച്ച എക്സൈസ് സംഘത്തെ പ്രതികളുടെ ബിസിനസ് പങ്കാളികളെന്ന് സംശയിക്കുന്ന ഒരുകൂട്ടം ആളുകൾ ചേർന്ന് ആക്രമിക്കുകയും പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. സംഘർഷത്തിൽ എക്സൈസ് സംഘത്തിലെ സിവിൽ എക്സൈസ് ഓഫീസർ അജിത് കുമാറിന്റെ കൈവിരലുകൾക്ക് സാരമായി പരിക്കേറ്റു. സംഘർഷത്തിനിടെ സംഭവസ്ഥലത്ത് എത്തിച്ചേർന്ന കഠിനംകുളം പൊലീസിന്റെ സഹായത്താൽ എക്സൈസ് സംഘത്തിന് പ്രതികളെയും കൊണ്ട് മടങ്ങാൻ കഴിഞ്ഞു. എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ ഒറ്റപ്പന സ്വദേശികളായ തെരുവിൽ പുറമ്പോക്ക് വീട്ടിൽ നിസാം, തെരുവിൽ തൈവിളാകം വീട്ടിൽ ഷഹീൻ, സലീല മൻസിലിൽ ആമീൻ എന്നിവരെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണത്തിന് തടസമുണ്ടാക്കിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. എക്സൈസ് പരിശോധനയിൽ ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപുക്കുട്ടൻ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജേഷ് കെ.ആർ,ബിജു,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്,സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്കുമാർ,വൈശാഖ്,അജാസ്,റിയാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |