തിരുവനന്തപുരം: ഭൂമി തരംമാറ്രം വേഗത്തിലാക്കി ജനങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് റവന്യൂ അധികൃതർ പറയുമ്പോഴും അപേക്ഷകൾ കുന്നുകൂടുകയാണ്. 2022 ജനുവരി മുതൽ കഴിഞ്ഞ ഡിസംബർ 31 വരെ ലഭിച്ച 5,43,847 അപേക്ഷകളിൽ പകുതി മാത്രമാണ് തീർപ്പായത്. 2,76,472 അപേക്ഷകൾ പരിഹരിക്കപ്പെട്ടപ്പോൾ ശേഷിക്കുന്നത് 2,67,375.
സംസ്ഥാനത്തെ 27 ആർ.ഡി.ഒമാർക്ക് പുറമെ 44 ഡെപ്യൂട്ടി കളക്ടർമാരെക്കൂടി അപേക്ഷ തീർപ്പാക്കലിന് നിയോഗിച്ചിട്ടും ഉദ്ദേശിച്ച ഫലമില്ല.
കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ (ആർ.ആർ)ഓഫീസിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്- 20,325. നാല് ഡെപ്യൂട്ടി കളക്ടർ ഓഫീസുകളിൽ 10,000 ൽ കൂടുതൽ അപേക്ഷകൾ വീതമാണ് തീർപ്പ് കാത്തു കിടക്കുന്നത്. 25 സെന്റിന് താഴെ വിസ്തീർണ്ണമുള്ളതും ഫീസ് ഒടുക്കേണ്ടാത്തതുമായ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ എല്ലാ ജില്ലകളിലും സ്പെഷ്യൽ അദാലത്തുകൾ സംഘടിപ്പിച്ചെങ്കിലും അതും വേണ്ടത്ര ഫലവത്തായില്ല. ഡിസംബർ ഒന്നുമുതൽ 31 വരെ ഒരു ലക്ഷത്തോളം അപേക്ഷകൾ കിട്ടിയതിൽ 50,001 എണ്ണമാണ് തീർപ്പാക്കാനായത്. ഫോം 5 ( നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയ ഭൂമിയുടെ സ്ഥിതി മാറ്റാനുള്ള അപേക്ഷ) പ്രകാരമുള്ള 28,415 അപേക്ഷകളും ഫോം 6 പ്രകാരമുള്ള (തരംമാറ്റം) 21586 അപേക്ഷകളുമാണ് തീർപ്പാക്കിയിട്ടുള്ളത്.
എല്ലാ ദിവസവും അപേക്ഷകൾ
ഒരു ദിവസം ശരാശരി 400 മുതൽ 500 വരെ അപേക്ഷകളാണ് കിട്ടുന്നത്. ഓൺലൈനിലായതിനാൽ അവധി ദിവസങ്ങളിലും ഇതേ പോലെ അപേക്ഷകൾ വരും. നേരത്തെ പ്രതിദിനം 200 അപേക്ഷകൾ വരെ തീർപ്പാക്കിയ സ്ഥാനത്ത് പുതിയ ക്രമീകരണത്തിലൂടെ ഇപ്പോൾ 400 വരെ തീരുന്നുണ്ട്. എന്നാൽ പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ് തീർപ്പാക്കലുള്ളത്.
ജോലി ഭാരമാണ് മറ്റൊരു കാര്യം. 2017 മുതലാണ് തരംമാറ്റം തുടങ്ങിയത്. റവന്യൂവകുപ്പിന്റെ പതിവ് ജോലികൾക്ക് പുറമെയാണ് തരംമാറ്റജോലികളും. ജീവനക്കാരുടെ എണ്ണം കൂടിയിട്ടുമില്ല.
തീർപ്പാക്കൽ
ഇങ്ങനെ
#ഓൺലൈൻ തരംമാറ്രം
5,43,847
2022 ജനുവരി മുതൽ 23 ഡിസംബർ 31 വരെ ലഭിച്ചത്
#2,76,472
തീർപ്പായത്
#2,67,375
കെട്ടിക്കിടക്കുന്നത്
സ്പെഷ്യൽ അദാലത്ത്
#1,00,000
ആകെ കിട്ടിയത്
#50,001
തീർപ്പായത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |