ശബരിമലയിൽ ലക്ഷങ്ങൾ മകരവിളക്കു തൊഴുത് സായുജ്യമടഞ്ഞ് പടിയിറങ്ങുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ സംഘാടനം മണ്ഡലകാലത്തിന്റെ തുടക്കം മുതൽ സമാപനം വരെ വലിയ പരാതികളൊന്നുമില്ലാതെയും കുറ്റമറ്റ രീതിയിലുമാണ് നടന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഭക്തജന സംഘങ്ങളുടെയും മറ്റും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് പാളിച്ചകളില്ലാതെ ശബരിമല ദർശനം ഇത്തവണ സുഗമമാകാൻ ഇടയാക്കിയത്. പൊലീസുകാർ ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഉദ്യോഗസ്ഥന്മാർ ഡ്യൂട്ടി ചെയ്യുന്നു എന്നതിനപ്പുറം, അയ്യപ്പനുള്ള സമർപ്പണമായാണ് കർത്തവ്യങ്ങൾ നിറവേറ്റിയതെന്നതാണ് ക്രമീകരണങ്ങൾ പാളാതെ നല്ലൊരു തീർത്ഥാടനകാലം പൂർത്തിയാകാൻ ഇടയാക്കിയത്. തിരക്ക് നിയന്ത്രണത്തിലെ പാളിച്ചമൂലം കഴിഞ്ഞ വർഷം ഭക്തർക്കുണ്ടായ വിഷമങ്ങൾ അനവധിയായിരുന്നു.
കാനനമേഖലയിൽ എത്താൻ പോലും കഴിയാതെ പന്തളത്തും എരുമേലിയിലും വന്ന് മാലയൂരി, മല കയറാനാകാതെ വ്യഥിതഹൃദയത്തോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ഭക്തർ തിരിച്ചുപോയ സംഭവമുണ്ടായത് കഴിഞ്ഞ വർഷമായിരുന്നു. ഇത് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും പ്രതിച്ഛായയ്ക്ക് അന്യസംസ്ഥാനങ്ങളിൽപ്പോലും വലിയ തോതിൽ മങ്ങലേൽപ്പിക്കാനും ഇടയാക്കിയിരുന്നു. അതിനാൽ ഇത്തവണ ഒരു ചെറിയ വീഴ്ചയ്ക്കു പോലും ഇടയാക്കാത്ത തരത്തിലുള്ള മുന്നൊരുക്കങ്ങൾ ചെയ്യുന്നതിലാണ് അധികൃതർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത്. മണ്ഡലകാലത്തിന്റെ തുടക്കം മുതൽ ദിവസവും 18 മണിക്കൂർ നട തുറക്കാനുള്ള തീരുമാനമാണ് ആദ്യമെടുത്തത്. മതിയായ ഗതാഗത സംവിധാനം, സുഗമമായ പാർക്കിംഗ് സൗകര്യം, ശുദ്ധിയും വൃത്തിയുമുള്ള ഭക്ഷണം, നല്ല കുടിവെള്ള ലഭ്യത തുടങ്ങിയവയെല്ലാം കാര്യക്ഷമമായി ഒരുക്കുകയും ചെയ്തിരുന്നു.
തുടക്കത്തിൽത്തന്നെ പ്ളാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് കൊണ്ടുവരരുതെന്ന് ദേവസ്വം ബോർഡ് അന്യസംസ്ഥാനങ്ങളിലും അറിയിച്ചിരുന്നു. ഭക്തരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഇത്തവണ വലിയ സഹകരണമാണ് ഉണ്ടായത്. സന്നിധാനത്തെ ഭക്തജനത്തിരക്ക് എത്രത്തോളമുണ്ടെന്ന് മുൻവർഷങ്ങളിൽ മുൻകൂട്ടി അറിയാനാവില്ലായിരുന്നു. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനൊപ്പം സ്പോട്ട് ബുക്കിംഗും അനുവദിച്ചിരുന്നു. വലിയ പരാതികൾ ഒഴിവാകാൻ ഇടയാക്കിയത് ഈ ഇരട്ട സംവിധാനമാണ്. തുടർ വർഷങ്ങളിലും ഇത് തുടരുന്നതാണ് നല്ലത്. ചെറു വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് അനുവദിക്കാൻ ഹൈക്കോടതി എടുത്ത തീരുമാനവും ശ്ലാഘനീയമാണ്. അതീവ തിരക്കുള്ള ചില ദിവസങ്ങൾ ഒഴികെ മറ്റു ദിനങ്ങളിൽ മണിക്കൂറുകൾ ക്യൂ നിൽക്കാതെ ദർശനം നടത്താൻ ഭക്തർക്ക് ഇത്തവണ കഴിഞ്ഞു.
ബുക്കിംഗ് വിവരങ്ങളിലൂടെ തിരക്ക് കൂടുതലുള്ള ദിവസങ്ങൾ മുൻകൂട്ടി മനസിലാക്കി ക്രമീകരണങ്ങൾ നടത്താനും അധികൃതർക്ക് കഴിയുകയുണ്ടായി. ഭക്തജനങ്ങൾക്ക് സുഗമദർശനം ഉറപ്പാക്കിയത് ഇത്തരം നടപടികളാണ്. ഈ മാസം 19-നു രാത്രി നട അടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം. 20-ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയശേഷം നട അടയ്ക്കുന്നതോടെ മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിന് സമാപനമാകും. മണ്ഡലകാലത്തു തന്നെ സംസ്ഥാന സർക്കാർ ശബരിമലയുടെ വികസനത്തിനുള്ള 1033.62 കോടിയുടെ രണ്ട് ലേഔട്ട് പ്ളാനുകൾ അംഗീകരിച്ചതും വളരെ നല്ല കാര്യമാണ്. ഈ മാസ്റ്റർ പ്ളാൻ സമയബന്ധിതമായി നടപ്പാക്കാനായാൽ കേരളത്തിന്റെ ധന പ്രതിസന്ധി പരിഹരിക്കുന്നതിന് അത് ഒരു വലിയ മുതൽക്കൂട്ടായി മാറുമെന്നതിന് സംശയിക്കേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |