ആലപ്പുഴ : സീസൺ ആരംഭിക്കുകയും സഞ്ചാരികളുടെ വരവ് വർദ്ധിക്കുകയും ചെയ്തതോടെ ഹൗസ്ബോട്ട് മേഖലയിൽ സംഘർഷം പതിവായി. കഴിഞ്ഞ ദിവസം രണ്ട് ഹൗസ് ബോട്ടുകളിലെ ജീവനക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജീവനക്കാരനായ വിമുക്തഭടന് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. ഇതുമായി ബന്ധപ്പെട്ട് 14പേർക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു.
ഹൗസ് ബോട്ട് മേഖലയിൽ പ്രവർത്തിക്കുന്ന ഏജന്റുമാർ തമ്മിൽ തർക്കവും സംഘർഷവും പതിവാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് പുന്നമടയിൽ ഹൗസ് ബോട്ട് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്നും പൊലീസ് കേസ് എടുത്തെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം പ്രതികൾ കേസിൽ നിന്ന് ഒഴിവായി. അരൂർ മുതൽ പുന്നമട വരെ 75ൽ അധികം കേന്ദ്രങ്ങളിലായി 150ൽ അധികം ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. 15പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഹൗസ് ബോട്ടിന് 12,000രൂപയ്ക്ക് ഉടമകളുമായി ധാരണയിൽ എത്തിയ ശേഷം സഞ്ചാരികളിൽ നിന്ന് 25,000മുതൽ 30,000രൂപ വരെ ഏജന്റുമാർ ഈടാക്കാറുണ്ട്. ചില ഏജന്റുമാർ തുക കുറച്ച് സഞ്ചാരികൾക്ക് ഹൗസ് ബോട്ട് നൽകുന്നത് ഒരു വിഭാഗം എതിർക്കുമ്പോഴാണ് മേഖലയിൽ സംഘർഷം ഉണ്ടാകുന്നത്.
ടൂറിസം പൊലീസിന് അംഗബലമില്ല
ബീച്ചിലും പുന്നമടയിലും എത്തുന്നസഞ്ചാരികൾക്ക് സുരക്ഷയൊരുക്കേണ്ട ടൂറിസം പൊലീസിന് വേണ്ടത്ര അംഗബലമില്ല
മേഖലയിൽ ഏകീകൃത നിരക്ക് ഏർപ്പെടുത്തേണ്ട ടൂറിസം വകുപ്പ് മൗനം പാലിക്കുന്നതും സംഘർഷത്തിന് വഴിയൊരുക്കുന്നു
പ്രതിദിനം 5000ത്തിന് മുകളിൽ സഞ്ചാരികളാണ് ബീച്ചിലും പുന്നമടയിലും എത്തുന്നതെന്നാണ് കണക്ക്
അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം ഇതിലും കൂടുതലാണ്
ആലപ്പുഴ സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധന ശക്തമാക്ക
ണം
ഏജന്റുമാർ-150
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |