ശംഖുംമുഖം: തുടരെത്തുടരെ വിമാനത്താവളത്തിന് മുകളിൽ പട്ടവും ബലൂണുകളും ഉയർന്ന് പൊങ്ങുന്നതിന്റെ ആശങ്കയിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ.കഴിഞ്ഞ ദിവസം ഹൈഡ്രജൻ നിറച്ച വലിയ ബലൂൺ മണിക്കൂറുകളോളം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നതിന്റെ അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾ.റൺവേ അടഞ്ഞ് കിടന്നതിനാൽ ലാൻഡിംഗിന് വിമാനങ്ങളെത്തിയിരുന്നില്ല. അതിനാൽ അപകടമൊഴിവായി. ദിവസങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിന് മുകളിലായി പട്ടം കണ്ട സംഭവം പലവിമാനങ്ങളുടെയും ലാൻഡിംഗുകളെ തന്നെ ബാധിച്ചിരുന്നു.വിമാനങ്ങളുടെ ലാൻഡിംഗ് സമയത്ത് റൺവേയ്ക്ക് മുകളിൽ പട്ടവും ബലൂണുകളും ഉയർന്ന് പൊങ്ങുന്നതിനൊപ്പം ഇതിനെ നിയന്ത്രിക്കുന്ന ചരടുകളും കണ്ടാൽ വിമാനത്തിന്റെ നിയന്ത്രണം പെട്ടെന്ന് പൈലറ്റിന്റെ കരങ്ങളിൽ നിന്നും തെറ്റി വൻദുരന്തത്തിലേക്ക് പോകാനുള്ള സാദ്ധ്യതയേറെയാണ്.
ബോധവത്കരണവും മുന്നറിയിപ്പും
അടിയന്തരമായി വേണം
ശംഖുംമുഖം ബീച്ചിലെത്തുന്ന സഞ്ചാരികളാണ് പട്ടം,ബലൂൺ പറത്തൽ വിനോദങ്ങളിൽ കൂടുതലായി ഏർപ്പെടുന്നത്. കടലിന് അഭിമുഖമായി ബീച്ചിൽ പറത്തുന്ന ബലൂണുകൾ കൂടുതൽ ഉയരുന്നതോടെ നിയന്ത്രണം പൊട്ടി വിമാനത്താവളത്തിന്റെ മുകളിലേക്ക് പറക്കുന്നു. ഇത് തടയാൻ ബീച്ചിലെത്തുന്നവർക്ക് കൃത്യമായ മുന്നറിയിപ്പും ബോധവത്കരണവും നൽകണം.
ഉത്തരവുകൾ കാറ്റിൽ പറത്തുന്നു
മാറിവരുന്ന ജില്ലാ കളക്ടർമാർ വിമാനത്താവളത്തിന്റെ പരിസരങ്ങളിൽ പട്ടം,ബലൂൺ എന്നിവ പറത്താൻ പാടില്ലെന്ന് നിരോധന ഉത്തരവ് പലതവണ ഇറക്കിയെങ്കിലും നടപ്പായില്ല. ഇപ്പോൾ പട്ടവും ബലൂണും പിന്നിട്ട് ഹൈഡ്രജൻ നിറച്ച വലിയ ബലൂണുകൾ വരെ പറത്തുന്ന അവസ്ഥയിലെത്തി.
പൊലീസ് പരിശോധന നിർജ്ജീവം
ടെർമിനലിന്റെ ചുറ്റളവിൽ പലപ്പോഴും പൊലീസിന്റെ പരിശോധന നിർജ്ജീവമായതിനാലാണ് പലയിടത്തും പരസ്യമായി പട്ടവും ബലൂണുകളും പറത്തുന്നത്. ചിലയിടങ്ങളിൽ ഇതൊരു മത്സരമായും നടക്കുന്നു. വിമാനത്താവള പരിസരങ്ങളുടെ നാലുപാടുമുള്ള സുരക്ഷ നിലവിൽ ലോക്കൽ പൊലീസിനാണ്. സിറ്റിസൈഡ് സെക്യൂരിറ്റിയെന്നാണ് ഇതിന്റെ പേര്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |