ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനെ സമിതിയുടെ അദ്ധ്യക്ഷനായും നിയമിച്ചു. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.
ഏഴ് അംഗങ്ങളാണ് മേൽനോട്ട സമിതിയിലുണ്ടാകുക. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരും തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിന്റെ ഇറിഗേഷൻ വകുപ്പ് ചെയർമാൻ എന്നിവർ സമിതിയിലെ അംഗങ്ങളായിരിക്കും. മുമ്പ് ജല കമ്മീഷൻ അദ്ധ്യക്ഷനായിരുന്നു മേൽനോട്ട സമിതിയുടെ ചെയർമാൻ. എന്നാൽ ഇത് മാറ്റി ദേശീയ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാനെ അദ്ധ്യക്ഷനാക്കുകയായിരുന്നു.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. വിഷയം ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് കേന്ദ്ര ജലകമ്മീഷൻ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് സർക്കാർ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |