തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്യും. കുടുംബാംഗങ്ങളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് സിഐ വ്യക്തമാക്കുന്നു. ഗോപൻ സ്വാമിയുടെ മരണകാരണം വ്യക്തമല്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്.
രാസപരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്‌ടർമാർ അറിയിച്ചു. മരണസമയം കൃത്യമായി അറിയാൻ രാസപരിശോധനാ ഫലം വരണം. ഫലം കിട്ടാൻ ദിവസങ്ങളെടുക്കും. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. ശ്വാസകോശത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ പരിശോധനാ ഫലം വരണം. സമാധി സ്ഥലത്തുവച്ച് ശ്വാസകോശത്തിൽ ഭസ്‌മം കടന്നിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. മരണം സ്വാഭാവികമാണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഗോപൻ സ്വാമിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. മതാചാര്യന്മാരെ പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.
ഇന്ന് രാവിലെയാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്‌മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കമുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |