കണ്ണൂർ:കണ്ണവം വനത്തിനുള്ളിൽ വിറക് ശേഖരിക്കാൻ പോയ കണ്ണവം ഉന്നതിയിൽ എൻ.സിന്ധുവിനെ (40) കാണാതായിട്ട് ഇന്നേക്ക് 16 ദിവസം. നാട്ടുകാരായ ഇരുന്നൂറോളം പേർ സംഘടിച്ച് വനത്തിൽ വ്യാപക തിരച്ചിൽ നടത്തിയിട്ടും യുവതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.കഴിഞ്ഞ ദിവസങ്ങളിലായി ഇളമാങ്കല്, കടവ്, കാണിയൂർ, വെങ്ങളം, മുണ്ടയോട്, പറമ്പുക്കാവ്, കോളിക്കൽ എന്നീ സ്ഥലങ്ങളിൽ പൊലീസും വനം വകുപ്പും അഗ്‌നിരക്ഷാ സേനയും തണ്ടർബോൾട്ടും തിരച്ചിൽ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല.
തിരച്ചിലിനിടെ പൊലീസ് നായ സിന്ധു വിറക് ശേഖരിച്ചു വച്ച സ്ഥലത്തുനിന്ന് മണം പിടിച്ച് പറമ്പുക്കാവ് വരെ ഓടിയിരുന്നു.ഇതുവരെയായി ലഭിച്ച ഏകസൂചനയാണിത്. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സംയുക്ത തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്.
കാണാതായത് പോയ വർഷത്തിലെ അവസാനദിനം
ഡിസംബർ 31നാണ് സിന്ധുവിനെ കാണാതായത്. പതിവ് പോലെ വിറക് ശേഖരിക്കാൻ വനത്തിനുള്ളിൽ പോയ യുവതി തിരികെയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആദ്യഘട്ടത്തിൽ പൊലീസോ വനംവകുപ്പോ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിലിന് ഇറങ്ങിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ പാട്യം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി യോഗം ചേർന്ന് ഉൾവനത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. കണ്ണവം നഗർ, വെങ്ങളം ഭാഗങ്ങളിലെ ജലാശയങ്ങൾ, പാറക്കെട്ടുകൾ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. തിരച്ചിൽ വീണ്ടും സജീവമാക്കാൻ കെ.പി.മോഹനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
മുമ്പും കാണാതായി
മുൻപും സിന്ധുവിനെ കാണാതായിട്ടുണ്ടെങ്കിലും തൊട്ടടുത്ത ദിവസം തന്നെ തിരിച്ച് വന്നിരുന്നുവെന്ന് അച്ഛൻ പി.കുമാരനും അമ്മ പ്രേമജയും പറഞ്ഞു.പ്രേമജ തൊഴിലുറപ്പ് തൊഴിലാളിയാണ്.സിന്ധുവിന്റെ ഷെഡിന് മുന്നിലൂടെ പോകുമ്പോഴെല്ലാം വിളിച്ച് അന്വേഷിച്ചാണ് പോകാറുള്ളത്.കാണാതായ അന്നും അമ്മ ഷെഡിൽ വിളിച്ച് അന്വേഷിച്ചു.പക്ഷെ മറുപടിയൊന്നുമുണ്ടായിരുന്നില്ല.ഉറങ്ങുകയാണെന്ന് കരുതി പ്രേമജ തിരിച്ചു പോയി.വൈകീട്ടാണ് സിന്ധുവിനെ കാണാതായ വിവരം പുറത്ത് അറിയുന്നത്.
കാണാതയ സിന്ധുവിന്റെ വീട്ടു പരിസരത്ത് ഒരു കിലോമീറ്റർ ദൂരം ഡോഗ് സ്ക്വാഡിന്റെ കൂടി സഹായത്തോടെ തിരച്ചിൽ നടത്തും.മറ്റു ഭാഗങ്ങളിലും തിരച്ചിൽ തുടരും. കണ്ടെത്താനുള്ള സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കെ.പി.മോഹനൻ, എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |