നെടുമങ്ങാട്; പാട്ടക്കൃഷിയിടത്തിൽ വിളവെടുപ്പിന് പാകമായ വാഴക്കുലകൾ മോഷണം പോകുന്നത് പതിവായതോടെ തോട്ടത്തിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച കർഷകൻ കൈയോടെ പൊക്കിയത് നാല് കള്ളന്മാരെ! നെടുമങ്ങാട് മേലാംകോടുള്ള സപ്ലൈകോ ഗോഡൗണിനു സമീപത്തെ കൃഷിയിടത്തിൽ നിന്ന് പത്താംകല്ല് സ്വദേശിയായ കർഷകൻ സ്വർണ്ണനാണ് നിരീക്ഷണ കാമറയുടെ സഹായത്തോടെ മോഷ്ടാക്കളെ കുടുക്കിയത്. പൂവത്തൂർ ചെല്ലാങ്കോട് പുത്തൻവീട്ടിൽ ഹരീഷ് (32),ആര്യനാട് പള്ളിവേട്ട കടുവാക്കുഴി റോഡരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സലീം (60), പൂവത്തൂർ പുത്തൻവീട്ടിൽ തുളസീധരൻ (49),കരിപ്പൂര് തെക്കുംകര സ്വദേശി സന്തോഷ് കുമാർ (53) എന്നിവരാണ് കാമറയിൽപ്പെട്ടത്.സി.സി.ടി.വി ദൃശ്യങ്ങളുമായി സ്വർണൻ സ്റ്റേഷനിൽ എത്തേണ്ട താമസം നാലുപേരെയും പൊലീസ് ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്തു. ഒരു മാസത്തിനിടയിൽ 42-ഓളം വാഴക്കുലകളാണ് പ്രതികൾ മോഷ്ടിച്ചത്.ഏകദേശം 25,000 രൂപയുടെ നഷ്ടം.ലോണെടുത്തും കടംവാങ്ങിയും ചെയ്ത കൃഷിയാണ് കള്ളന്മാർ കൈക്കലാക്കിയത്. രാത്രി നാട്ടുകാരുടെ സഹായത്തോടെ സ്വർണൻ വാഴത്തോട്ടത്തിന് കാവൽ കിടന്നതോടെ,അല്പം ഒതുങ്ങിയ സംഘം കഴിഞ്ഞ ദിവസം പട്ടാപ്പകൽ പമ്മിയെത്തുകയായിരുന്നു. 'ഡ്രസ്‌കോഡ്" അനുസ്മരിപ്പിക്കും വിധം വെള്ളയിൽ പച്ച പുളിയുള്ള ഷർട്ട് ധരിച്ചുവന്ന സംഘം വാഴകൾ വെട്ടിവീഴ്ത്തി വിളഞ്ഞ കുലകൾ ചാക്കിലാക്കി തോളിലേറ്റി പോകുന്നതാണ് സിസി.ടി.വി ദൃശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |