പിലിക്കോട്: ചന്തേര റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിനായി സംസ്ഥാന ബഡ്ജറ്റിൽ ഇത്തവണയും തുക വകയിരുത്താത്തതിൽ പ്രതിഷേധിച്ചു സി.പി.എം ചന്തേര, പടിഞ്ഞാറേക്കര പ്രദേശങ്ങളിലെ മൂന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം തുടങ്ങാൻ നീക്കമെന്ന 'കേരളകൗമുദി' വാർത്ത ഫലം കണ്ടു. തൃക്കരിപ്പൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചന്തേര റെയിൽ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിനായി അഞ്ച് കോടി രൂപ 2026-27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി.
ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനോട് തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലൻ നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെടുകയും ബഡ്ജറ്റ് പ്രപ്പോസൽ ആയി നൽകുകയും ചെയ്തിരുന്നു. കാസർകോട് ജില്ലയിൽ നിന്ന് സി.പി.എം ജില്ലാ കമ്മിറ്റി നൽകിയ പ്രധാന പ്രപ്പോസലുകളിൽ ഒന്നുമായിരുന്നു ചന്തേര ഓവർ ബ്രിഡ്ജ്. കാലങ്ങളായി പാർട്ടിക്കുള്ളിൽ നിരന്തരമായ ചർച്ചകൾ നടന്നുവന്നിരുന്ന ജനകീയ വിഷയവും ആയിരുന്നു ഇത്.
ഓവർ ബ്രിഡ്ജ് ആവശ്യം ഉന്നയിക്കാൻ തുടങ്ങിയതിന് ശേഷം 11 ബഡ്ജറ്റുകൾ കഴിഞ്ഞുവെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി ഈ വർഷവും ബഡ്ജറ്റ് പ്രസംഗത്തിൽ പരാമർശിക്കാതെ വന്നപ്പോൾ ആണ് നാട്ടുകാരും പാർട്ടി പ്രവർത്തകരും പരസ്യമായി പ്രതിഷേധിക്കുന്ന അവസ്ഥയിലേക്ക് വന്നത്. എം.വി ഗോവിന്ദൻ നയിച്ച വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ കാലിക്കടവിലെ സ്വീകരണത്തിലും ചന്തേര പടിഞ്ഞാറേക്കര ഭാഗത്തെ സി.പി.എം പ്രവർത്തകർ പങ്കെടുത്തിരുന്നില്ല.
തുടർന്ന് ചന്തേര ഓവർ ബ്രിഡ്ജ് നിർമ്മാണത്തിനുള്ള ഒന്നാംഘട്ട തുക കൂടി ഉൾപ്പെടുത്തി കൊണ്ടാകും ബഡ്ജറ്റ് പ്രസംഗം അവസാനിപ്പിക്കുക എന്ന ഉറപ്പ് ചന്തേരയിലെ സി.പി.എം പ്രവർത്തകർക്ക് ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ നൽകിയിരുന്നു. വൈകിയാണെങ്കിലും ആ ഉറപ്പ് പാലിക്കുന്ന സ്ഥിതിയുണ്ടായി. അത് പ്രകാരം ബഡ്ജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് മന്ത്രി കെ.എൻ ബാലഗോപാലൻ തുക അനുവദിച്ച കാര്യം പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |