കൊച്ചി: ഒരു മഴ പെയ്താല്‍ വെള്ളപ്പൊക്കവും മാലിന്യം കൂമ്പാരവും ഒഴുകിയെത്തുന്ന എറണാകുളം ബസ് സ്റ്റാന്‍ഡ് വളരെ മോശമായ കാഴ്ചയാണ്. ഈ സ്ഥിതിക്ക് ഒരു മാറ്റം വേണമെന്ന കൊച്ചിക്കാരുടേയും കൊച്ചിയിലെത്തുന്നവരുടേയും ആഗ്രഹം ഉടനെ സഫലമാകും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിടം ഉടനെ തന്നെ പൊളിക്കാന്‍ തീരുമാനമായി. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് അന്തിമ തീരുമാനമായത്. ഈ മാസം തന്നെ ഇതിനുള്ള ഉത്തരവ് പുറത്തിറക്കും.
കെ എസ് ആര്‍ ടി സി യുടേയും വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു. ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം വരുത്തും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി രാജീവ്, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാരിക്കാമുറിയിലെ ഭൂമിയില്‍ 2.9 ഏക്കറാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായി കെ എസ് ആര്‍ ടി സി നല്‍കുക.
പുതിയ ടെര്‍മിനലിലെ ആറ് ബസ് ബേകള്‍ കെ എസ് ആര്‍ ടി സിക്ക് മാത്രമായി ഉപയോഗിക്കാനാി വിട്ടുനല്‍കും. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും. ഗ്യാരേജ് മാറ്റി സ്ഥാപിക്കും. യൂസര്‍ ഫീ നല്‍കുന്നതില്‍ നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കും.
കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന വിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല.കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. കാരിക്കാമുറിയില്‍ ഹബ്ബ് വരുമ്പോള്‍ അതിനോടു ചേര്‍ന്നുതന്നെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |