# കേന്ദ്രവിമർശനത്തിന് മൂർച്ച കുറച്ച് സർക്കാർ
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് നേർക്കുള്ള വിമർശനം ഉൾപ്പെടെ എഴുതിക്കൊടുത്ത നയ പ്രഖ്യാപനം അതേപടി നീരസമോ,പ്രതിഷേധമോ പ്രകടിപ്പിക്കാതെ നിയമസഭയിൽ വായിച്ചതോടെ പുതിയ ഗവർണർ സർക്കാരിന്റെ ഗുഡ്ബുക്കിൽ.
ശേഷിക്കുന്ന ഭരണകാലം ഗവർണറുമായി ഏറ്റുമുട്ടൽ ഉണ്ടാവില്ലെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
മുഖം വീർപ്പിക്കലിന് പകരം നിറഞ്ഞ ചിരിയോടെയായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ സഭയിലേക്കുള്ള ആഗമനം. തികഞ്ഞ സൗഹൃദ ഭാവം. മുഖ്യമന്ത്രിയുടെ കരം ഗ്രഹിച്ച് സ്നേഹ പ്രകടനം ,കൈകൾ കൂപ്പി സ്പീക്കർക്കും സഭാംഗങ്ങൾക്കും നമസ്കാരം പറഞ്ഞ് മടക്കം.
കേന്ദ്രത്തെ വിമർശിക്കുന്നതിൽ മിതത്വം പാലിക്കാൻ നയപ്രഖ്യാപനത്തിൽ സർക്കാർ ശ്രദ്ധിക്കുകയും ചെയ്തു. ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് പരമാധികാരം നൽകുന്ന യു.ജി.സി കരട് ചട്ടത്തെ അതിനിശിതമായി വിമർശിച്ചുകൊണ്ടിരിക്കുന്ന സർക്കാർ, നയപ്രഖ്യാപനത്തിൽ അതേക്കുറിച്ച് ഒരു പരാമർശവും നടത്തിയില്ല. സ്വപ്ന പദ്ധതിയായി ഇപ്പോഴും ഉയർത്തിക്കാട്ടുന്ന സിൽവർലൈൻ കടന്നുവന്നതേയില്ല. വയനാട് പുനരുദ്ധാരണത്തിന് കേന്ദ്രം സഹായം കിട്ടാത്തതിനെ കുറിച്ചും മിണ്ടിയില്ല.
നവകേരള നിർമ്മാണത്തിലുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിക്കുകയാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു തുടക്കം,
വയനാട് പുനരധിവാസം, വിഴിഞ്ഞം തുറമുഖ വികസനം , ദേശീയപാത ,ജലപാത വികസനം, ആരോഗ്യമേഖല തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകി.
വിദ്യാഭ്യാസ മേഖലയുടെ പുരോഗതി , തദ്ദേശ സ്വയംഭരണം, ടൂറിസം വികസനം തുടങ്ങി സംസ്ഥാനത്തിന്റെ സമസ്ത മേഖലകളും പ്രസംഗത്തിൽ സ്പർശിക്കുന്നുണ്ട്.
അഞ്ചേകാൽ വർഷം ഗവർണർ പദവിയിലിരുന്ന ആരിഫ് മുഹമ്മദ് ഖാനുമായി നിരന്തരം ഏറ്റുമുട്ടേണ്ടിവന്ന സാഹചര്യത്തിൽ, ഗവർണറോട് സമരസപ്പെടുക എന്ന നിലപാടിലാണ് സർക്കാർ.
ഒരു മണിക്കൂർ 56 മിനിട്ടും 29 സെക്കൻഡും നീണ്ട പ്രസംഗം മലയാളത്തിൽ നമസ്കാരം എന്ന് പറഞ്ഞാണ് തുടങ്ങിയത്.
വയനാട് ടൗൺഷിപ്പ്
ഒരു വർഷത്തിനകം
# ഉയർന്ന നിലവാരത്തിലുള്ള ഭൗതിക അടിസ്ഥാന സൗകര്യം, വിജ്ഞാന അധിഷ്ഠിത സമ്പദ്ഘടന, നിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും എല്ലാവർക്കും ഭവനം , അതിദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയിൽ
അധിഷ്ഠിതമായിരിക്കും നവകേരള നിർമ്മാണമെന്ന് ഗവർണർ വ്യക്തമാക്കി.
# വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം.
വിഴിഞ്ഞം ഉൾപ്പെടെ അടിസ്ഥാന വികസന പദ്ധതി നിശ്ചിത സമയത്ത് തീർക്കും. ദേശീയപാത സ്ഥലമെടുപ്പ് ചെലവ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ പെടുത്തരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
റവന്യൂവരുമാനം സമാഹരിക്കാനും ചെലവ് യുക്തി സഹമാക്കാനുമുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുമ്പോഴും, കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കുറയുന്നതിന്റെ ഫലമായി സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |