കൊച്ചി : ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് ഇടം ലഭിക്കാതിരുന്നതിനെ തുടർന്നുള്ള വിവാദങ്ങളിൽ പ്രതികരിച്ച് കെ.സി.എ. വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പിൽ നിന്ന് സഞ്ജു പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് വിട്ടുനിന്നതെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു. ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതിരുന്നതാണ് ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടുമെന്ന് കരുതിയിരുന്ന കേരളത്തിന്റെ പ്രതീക്ഷയായ സഞ്ജു സാംസണ് വിനയായതെന്നാണ് റിപ്പോർട്ടുണ്ടായിരുന്നു. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് വിമർശിച്ച് കെ.സി.എ ഭാരവാഹികൾക്കെതിരെ ശശി തരൂർ എം.പിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയേഷ് ജോർജിന്റെ പ്രതികരണം.
ഞാനുണ്ടാകില്ലെന്നുള്ള ഒരു വരി മെയിൽ മാത്രമാണ് സഞ്ജു കെ.സി.എ സെക്രട്ടറിക്ക് അയച്ചത്. കാരണം ഒന്നും പറഞ്ഞില്ല. ക്യാമ്പ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോൾ ഞാനുണ്ടാകുമെന്ന മെയിലും അയച്ചു. സഞ്ജു ആദ്യമായിട്ടല്ല കെ.സി.എയ്ക്കൊപ്പം കളിക്കുന്നത്. ഒരു ക്യാമ്പ് പ്രഖ്യാപിക്കുമ്പോൾ ഇത്തരത്തിൽ സീനിയർ ആയിട്ടുള്ള ഉത്തരവാദിത്തപ്പെട്ട താരം ഒരു വരി സന്ദേശമാണോ അയക്കുക. കാരണവും പറഞ്ഞില്ലെന്നും ജയേഷ് ജോർജ് ആരോപിച്ചു. സഞ്ജു മാറി നിന്നു. അതുകൊണ്ട് അദ്ദേഹത്തെ ടീമിലും എടുത്തില്ലെന്നും ജയേഷ് ജോർജ് വ്യക്തമാക്കി.
അതേസമയം കൃത്യമായ കാരണം കാണിക്കാതെ സഞ്ജു കളിക്കാതിരുന്നതിനെക്കുറിച്ച് ബി.സി.സി.ഐ അന്വേഷണം നടത്തിയെന്നും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |