വാഷിംഗ്ടൺ: ഗാസ വെടിനിറുത്തൽ കരാറിനെ സ്വാഗതം ചെയ്ത് സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വെടിനിറുത്തൽ കരാർ മേയ് മാസത്തിൽ താൻ നിർദ്ദേശിച്ചതും യു.എൻ അംഗീകരിച്ചതുമാണെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെ ബൈഡൻ ഓർമ്മിപ്പിച്ചു. 'വളരെയധികം വേദനകൾക്കും ഒട്ടേറെ മരണങ്ങൾക്കും ഒടുവിൽ ഗാസയിലെ തോക്കുകൾ നിശബ്ദമായിരിക്കുന്നു. ഹമാസിനെ ഇസ്രയേൽ വളരെയധികം ദുർബലപ്പെടുത്തി.
ഹമാസിന്റെ സഖ്യ കക്ഷിയായ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ നേതൃത്വത്തെ നശിപ്പിച്ചു. ഇനി ഈ കരാർ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം വരാൻ പോകുന്ന യു.എസ് ഭരണകൂടത്തിനാണ്" ബൈഡൻ കൂട്ടിച്ചേർത്തു. യു.എസ്, ഖത്തർ, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ മാസങ്ങളായി നടത്തിയ മദ്ധ്യസ്ഥ ചർച്ചകളുടെ ഫലമാണ് വെടിനിറുത്തൽ കരാർ.
ഇന്ന് യു.എസ് പ്രസിഡന്റായി അധികാരത്തിലേറുന്ന ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളും മദ്ധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തിരുന്നു. ബന്ദികളെ വിട്ടയിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ കാര്യങ്ങൾ വഷളാകുമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു. താനും ട്രംപിന്റെ ടീമും ചർച്ചകളിൽ ഒറ്റ ടീമായാണ് പങ്കെടുത്തതെന്ന് ബൈഡൻ മുമ്പ് പ്രതികരിച്ചിരുന്നു.
മോചനം കാത്ത് രണ്ടുവയസുകാരൻ
ടെൽ അവീവ്: 42 ദിവസം നീളുന്ന ആദ്യ ഘട്ട ഗാസ വെടിനിറുത്തലിനിടെ ഹമാസ് മോചിപ്പിക്കുന്ന ബന്ദികളിൽ രണ്ടു വയസുകാരനും. 2023 ഒക്ടോബർ 7ലെ ഭീകരാക്രമണത്തിനിടെ ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ക്ഫിർ ബിബാസ് എന്ന കുട്ടിയാണത്. അന്ന് ഒമ്പത് മാസമായിരുന്നു ബിബാസിന്റെ പ്രായം. ബിബാസിന്റെ രണ്ട് പിറന്നാളുകളും ഹമാസിന്റെ പിടിയിൽ കഴിയവെ കടന്നുപോയി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബിബാസിന്റെ രണ്ടാം പിറന്നാൾ. ബിബാസിന്റെ നാല് വയസുള്ള സഹോദരൻ ഏരിയലിനെയും മാതാവ് ഷിരിയേയും പിതാവ് യാർഡനേയും ഹമാസ് ബന്ദികളാക്കിയിരുന്നു. ഏരിയലിനെയും ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുമെന്നാണ് വിവരം. അതേ സമയം, ഇവരുടെ മാതാപിതാക്കൾ ജീവനോടെയുണ്ടോ എന്ന് വ്യക്തമല്ല. 86 വയസുള്ള ഷ്ലോമോ മാന്റ്സർ ആണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്ന ബന്ദികളുടെ ലിസ്റ്റിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.
കരാർ പാലിക്കുമെന്ന് ഹമാസ്
ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തൽ കരാർ പാലിക്കുമെന്ന് ഹമാസ്. ആറ് ആഴ്ച നീളുന്ന ആദ്യ ഘട്ടത്തിനിടെയിൽ ബന്ദികളുടെ കൈമാറ്റം സമയബന്ധിതമായി നടപ്പാക്കുമെന്നും ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് കരാർ ലംഘനമുണ്ടായാൽ അത് ബന്ദികളുടെ ജീവനെ അപകടപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകി. ഇസ്രയേൽ കരാർ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മദ്ധ്യസ്ഥ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |