
കൊൽക്കത്ത : ഇന്ത്യയിൽ ഇനിയുള്ള മൂന്ന് ദിവസങ്ങൾ മെസിമയമാകും. ഇന്ന് രാവിലെ കൊൽക്കത്തയിൽ ആദ്യ സ്വീകരണത്തോടെ ഇന്ത്യയിലെ മെസിയുടെ സന്ദർശനത്തിന് തുടക്കമാവുകയാണ്. ശനി.ഞായർ,തിങ്കൾ ദിവസങ്ങളിലായി കൊൽക്കത്ത, ഹൈദരാബാദ്, മുംബയ്, ന്യൂഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിൽ വിവിധ സ്വകാര്യ ചടങ്ങുകളിൽ മെസി പങ്കെടുക്കും. ഗോട്ട് ഇന്ത്യ ടൂർ എന്ന് പേരിട്ടിരിക്കുന്ന പര്യടനത്തിനൊടുവിലെ ദിവസം പ്രധാനമന്ത്രി മോദിയെ സന്ദർശിക്കും.ശതാദ്രു ദത്തയാണ് ഗോട്ട് ഇന്ത്യ ടൂറിന്റെ പ്രമോട്ടർ.
കൊൽക്കത്ത നഗരത്തിൽ നിർമ്മിച്ച 70 അടി പൊക്കമുള്ള മെസിയുടെ ഇരുമ്പ് പ്രതിമ ഇന്ന് രാവിലെ ഓൺലൈനായി മെസി അനാച്ഛാദനം ചെയ്യും. ലോകത്ത് നിർമ്മിച്ച ഒരു ഫുട്ബാൾ താരത്തിന്റെ ഏറ്റവും ഉയരമുള്ള പ്രതിമയാണ് ഇതെന്ന് ബംഗാൾ സർക്കാർ അവകാശപ്പെടുന്നു. കൈയിൽ ലോകകപ്പുമായി നിൽക്കുന്ന രീതിയിലാണ് പ്രതിമ . തുടർന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം ഷാറുഖ് ഖാനും പങ്കെടുക്കും.
സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ മെസിക്കൊപ്പം കളിച്ചിരുന്ന ഉറുഗ്വേ താരം ലൂയിസ് സുവാരേസും ഇപ്പോൾ ഇന്റർ മയാമിയിൽ മെസിക്കൊപ്പം കളിക്കുന്ന അർജന്റീന ടീമിലെ സഹതാരം റോഡ്രിഗോ ഡി പോളും മെസിക്കൊപ്പം വരുന്നുണ്ട്.സുവാരേസും ഡി പോളും മുംബയ്‌യിലും ഹൈദരാബാദിലും കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകും.
നാളെ ഹൈദരാബാദിലെത്തുന്ന മെസി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നയിക്കുന്ന ടീമിനെതിരെ സൗഹൃദ മത്സരത്തിൽ കളിക്കും. മെസിക്കെതിരെ കളിക്കാനായി ദിവസങ്ങളായി ഫുട്ബാൾ പരിശീലനത്തിലാണ് രേവന്ത്.
മെസിയുടെ രണ്ടാം ഇന്ത്യാ സന്ദർശനമാണിത്. 2011ൽ കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനിസ്വേലയ്ക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് മെസി അർജന്റീന ക്യാപ്ടനായി അരങ്ങേറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |