
ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകളില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് അടിക്കടി ഉയരുന്ന ടിക്കറ്റ് നിരക്കാണ്. പലപ്പോഴും അവധിക്കാലത്തും ഉത്സവ സീസണുകളില്‍ വലിയ കുതിച്ചുചാട്ടമാണ് ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. പ്രവാസികളാണ് ഇക്കാര്യത്തില്‍ വലിയ ചൂഷണത്തിന് ഇരയാകാറുള്ളത്. ഇന്‍ഡിഗോ പ്രതിസന്ധിയുടെ ഭാഗമായി കേന്ദ്രത്തിന് മുന്നില്‍ എത്തിയ ആവശ്യമായിരുന്നു വര്‍ഷം മുഴുവന്‍ വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കിന് പരിധി ഏര്‍പ്പെടുത്തണം എന്നത്.
എന്നാല്‍ ഇത്തരമൊരു ആവശ്യം തള്ളിയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. അങ്ങനെയൊരു നീക്കം പ്രായോഗികമല്ലെന്നാണ് കേന്ദ്ര മന്ത്രി റാം മോഹന്‍ നായിഡു പ്രതികരിച്ചത്. സീസണ്‍ അനുസരിച്ച് ടിക്കറ്റ് ഡിമാന്‍ഡിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യക്കാര്‍ കൂടുതലുള്ള സമയത്ത് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് സാധാരണയാണെന്നും ഇത് തിരക്ക് കുറയ്ക്കാനുള്ള മാര്‍ഗം ആണെന്നുമാണ് മന്ത്രി പറയുന്നത്.
എന്നാല്‍ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ പലപ്പോഴും വിമാനക്കമ്പനികള്‍ കൊള്ളലാഭമാണ് കൊയ്യുന്നത്. ഇത് മുമ്പ് പല തവണ നിരവധി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചിരുന്നു. പ്രവാസി സമൂഹത്തോട് വിമാനക്കമ്പനികള്‍ ചെയ്യുന്നത് അനീതിയാണെന്ന വികാരമാണ് നിരക്ക് വര്‍ദ്ധനയില്‍ പൊതുവായി ഉള്ളത്. ടിക്കറ്റ് നിരക്കുകള്‍ ന്യായമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്ന തിരക്കേറിയ സമയങ്ങളില്‍ വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |