ശബരിമല: രാജപ്രതിനിധിയുടെ ശബരീശ ദർശനത്തിനു ശേഷം മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. ഇന്നലെ രാവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തിനു ശേഷം തിരുവാഭരണസംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങി. തുടർന്നാണ് രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മ ദർശനം നടത്തിയത്. ശേഷം മേൽശാന്തി, അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷ മാലയുമണിയിച്ച് യോഗനിദ്രയിലാക്കി നടയടച്ചു. ശ്രീകോവിലിന്റെ താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി.നാഥിന് താക്കോൽക്കൂട്ടം കൈമാറി. അദ്ദേഹം ഇത് മേൽശാന്തിക്ക് നൽകി. ചടങ്ങുകൾ പൂർത്തിയാക്കി തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം രാജപ്രതിനിധി പന്തളത്തേക്ക് മടങ്ങി. നട അടച്ചശേഷം മാളികപ്പുറത്തെ മണിമണ്ഡപത്തിന് മുന്നിൽ മഹാഗുരുതി നടന്നു. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12ന് വൈകിട്ട് 5ന് നട തുറക്കും.
ഭണ്ഡാര വരവ് 130 കോടി
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭണ്ഡാരത്തിലൂടെ മാത്രം ലഭിച്ചത് 130 കോടി രൂപ. മുൻവർഷത്തേക്കാൾ 17.50 കോടിയുടെ വർദ്ധനയുണ്ട്. അപ്പം, അരവണ പ്രസാദങ്ങളുടെ വില്പനയിലൂടെ ലഭിച്ച വരുമാനത്തിന്റെ അന്തിമ കണക്കായിട്ടില്ല.
ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറും ഭണ്ഡാരം ചാർജ് ഓഫീസറുമായ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ റെക്കാഡ് വേഗത്തിലാണ് പണം എണ്ണിത്തീർത്തത്. കഴിഞ്ഞ വർഷം മകരവിളക്ക് തീർത്ഥാടനത്തിനുശേഷം 22 ദിവസംകൂടിയെടുത്ത് 500ലധികം ജീവനക്കാരെ ഉപയോഗിച്ചായിരുന്നു പണം എണ്ണിത്തീർത്തത്. നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തുന്നതിന് യന്ത്രം വാങ്ങാൻ നേരത്തെ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |