ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉപരിപഠന മേഖലയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, കോഴ്‌സിന്റെ പ്രസക്തി, വിദ്യാർത്ഥിയുടെ പഠിക്കാനുള്ള കഴിവ്, ലക്ഷ്യം, തൊഴിൽ സാദ്ധ്യതകൾ എന്നിവയ്ക്കിണങ്ങിയായിരിക്കണം തീരുമാനം. ബിരുദ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷകളുടെ വിജ്ഞാപനം ഇറങ്ങുന്ന സമയം കൂടിയാണിത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള ബിരുദ കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ, ഡിപ്ലോമ പ്രോഗ്രാമുകൾ, സ്‌കിൽ വികസന കോഴ്‌സുകൾ, പാരാമെഡിക്കൽ കോഴ്‌സുകൾ, ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ തുടങ്ങി നിരവധി അവസരങ്ങളുണ്ട്. ഇവയിലേതാണ് വിദ്യാർത്ഥി താല്പര്യപ്പെടുന്നതെന്ന് പ്രത്യേകം വിലയിരുത്തി ഉപരിപഠന കോഴ്‌സുകൾക്ക് ചേരണം.
വിഷ്വൽ എഫക്ട്സും അപ്പാരൽ ഡിസൈനും
....................................
അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് എന്നിവ സാദ്ധ്യതയുള്ള മേഖലകളാണ്. ഇതുമായി ബന്ധപ്പെട്ട് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം പൂർത്തിയാക്കിയവർക്കുള്ള ടെക്‌നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽതല കോഴ്‌സുകളുണ്ട്. ഡിസൈൻ കോഴ്‌സുകൾക്ക് എല്ലാ മേഖലയിലും സാധ്യതകളുണ്ട്. മെഷീൻ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, അപ്പാരൽ ഡിസൈൻ, ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ എന്നിവയും തൊഴിൽ സാദ്ധ്യതയുള്ള മേഖലകളാണ്.
ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടിഷനിംഗ് (HVAC), മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിംഗ് (MEP) മേഖലകളിൽ ടെക്‌നിഷ്യൻ, സൂപ്പർവൈസറിതല ജോലി സാദ്ധ്യതയും ഉയരുകയാണ്.
കാർഷിക മേഖലയിൽ അഗ്രിബിസിനസ് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഭക്ഷ്യ സംസ്‌കരണം, ഫുഡ് ഇ റീട്ടെയ്ൽ, ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ എന്നിവയിൽ വളർച്ച പ്രതീക്ഷിക്കാം. മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിന് പ്രാധാന്യം ലഭിക്കുന്നതോടെ ഫുഡ് ടെക്‌നോളജി കരുത്താർജിക്കും. ബയോ എൻജിനിയറിംഗ്, റീജനറേറ്റീവ് ബയോളജി, ഡെർമറ്റോളജി, കോസ്‌മെറ്റോളജി, ഫിസിയോതെറാപ്പി, വൺ ഹെൽത്ത്, മൈക്രോബയോളജി എന്നിവ ലോകത്താകമാനം സാദ്ധ്യതയുള്ള മേഖലകളാണ്.
പ്രവേശന പരീക്ഷകൾ
.........................
പ്ലസ് ടുവിന് ശേഷം നിരവധി പ്രവേശന പരീക്ഷകളുണ്ട്. ജെ.ഇ.ഇ മെയിൻ & അഡ്വാൻസ്ഡ്, സി.യു.ഇ.ടി യു.ജി, നീറ്റ് യു.ജി, ഡിസൈൻ കോഴ്‌സുകൾ, വിവിധ എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾ, CLAT, KLEE എന്നിവ മികച്ച ഉപരിപഠന മേഖലകളാണ്.
ടെക്നോളജി മേഖല
...........................
എൻജിനിയറിംഗ് രംഗത്ത് കംപ്യൂട്ടർ സയൻസ്, ബിയോമെഡിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ, കെമിക്കൽ, ആർക്കിടെക്ചർ, റോബോട്ടിക്, ഡെയറി ടെക്‌നോളജി, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി എന്നിവയിൽ തൊഴിലവസരങ്ങളേറും. ഡിജിറ്റലൈസേഷൻ കൂടുതൽ വളർച്ച കൈവരിക്കുന്നതോടെ ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കോമേഴ്‌സ്, അക്കൗണ്ടിംഗ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, ഹൈബ്രിഡ് ടെക്‌നോളജി, എജ്യുക്കേഷൻ ടെക്‌നോളജി, ന്യൂ മീഡിയ എന്നിവയിൽ ഉയർന്ന വളർച്ചാനിരക്ക് പ്രതീക്ഷിക്കാം.
ഓപ്പൺ റാൻ സാങ്കേതിക വിദ്യ, പ്രീഫാബ് കൺസ്ട്രക്ഷൻ, ഗ്രീൻ കൺസ്ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ, ഹെൽത്ത് കെയർ ടെക്‌നോളജീസ്, ബയോമെഡിക്കൽ സയൻസ്, മോളിക്യൂലാർ ബയോളജി, ഹെൽത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ, വ്യക്തിഗത പോഷണം, സ്ലീപ് ടെക്‌നോളജീസ്, സൈക്കോളജി, ബിസിനസ് ഇക്കണോമിക്‌സ്, സ്‌പേസ് ടൂറിസം, ഗ്ലോബൽ എന്റർടൈൻമെന്റ് സ്ട്രീമിംഗ്, മെറ്റാ വേർസ് എന്നിവയും തൊഴിൽ മേഖലയിൽ വൻ മാറ്റത്തിനു വഴിയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |