പാർട്ട് ടൈം ജീവനക്കാരന് കടിയേറ്റു
വനിതാ ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലം: കളക്ടറേറ്റിന്റെ പ്രധാന കവാടത്തിന് സമീപം റവന്യു വകുപ്പിലെ പാർട്ട് ടൈം ജീവനക്കാരന് തെരുവ് നായയുടെ കടിയേറ്റു. കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവരടക്കം നിരവധി പേരെ കടിക്കാനായി ഓടിച്ചു. വനിതാ ജീവനക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റവന്യു വകുപ്പിലെ പാർട്ട് ടൈം ജീവനക്കാരൻ വിജയനാണ് കടിയേറ്റത്.
ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളക്ടറേറ്റിനുള്ളിലേക്ക് വരികയായിരുന്ന വനിതാ ജീവനക്കാരിക്ക് നേരെയാണ് ആദ്യം തെരുവുനായ ആക്രമിക്കാനായി ഓടിയടുത്തത്. ഇവരുടെ ഷാൾ നായ കടിച്ചെടുത്തു. സംഭവം അറിയാതെ ഇവിടേക്ക് വന്ന വിജയന്റെ വലത് കൈയിൽ കടിച്ചു. തുടർന്ന് നിരവധി പേർക്ക് നേരെ തിരിഞ്ഞ തെരുവുനായ പിന്നീട് കോടതി സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് പോയി. 11 ഓടെ കോർപ്പറേഷന്റെ റെസ്ക്യു സ്ക്വാഡ് കളക്ടറേറ്റിനുള്ളിൽ ചത്ത നിലയിൽ ഈ തെരുവ് നായയെ കണ്ടെത്തുകയായിരുന്നു. കുരയ്ക്കാൻ പോലും ശേഷിയില്ലാതെ മെലിഞ്ഞുണങ്ങിയ അവസ്ഥയിലായിരുന്നു തെരുവുനായ. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി നായയുടെ മൃതദേഹം പരിശോധനയ്ക്കായി ഏറ്റെടുത്തു.
സംഭവത്തെ തുടർന്ന് കോർപ്പറേഷന്റെ എ.ബി.സി സ്ക്വാഡ് കളക്ടറേറ്റിനുള്ളിൽ തമ്പടിച്ചിരുന്ന അഞ്ചോളം തെരുവ് നായകളെ പിടികൂടി അഞ്ചാലുംമൂട്ടിലെ വന്ധ്യംകരണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവയ്ക്കും കടിയേറ്റിരിക്കാൻ സാദ്ധ്യതയുള്ളതിനാൽ ദിവസങ്ങളോളം നിരീക്ഷിക്കും. ഇന്നും എ.ബി.സി സ്ക്വാഡ് കളക്ടറേറ്റിലെത്തി തെരുവുനായകളെ പിടികൂടി നിരീക്ഷണത്തിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |