എല്ലാം നിയമം അനുസരിച്ച്
എം.ബി. രാജേഷ് ( എക്സൈസ് വകുപ്പ് മന്ത്രി )
കേരളത്തിൽ ഒരു കാര്യവും നടക്കരുതെന്നും നടത്തില്ലെന്നും നിശ്ചയിച്ചുറപ്പിച്ച , പ്രതിലോമകരമായി പ്രവർത്തിക്കുന്ന ചിലരാണ് ബ്രൂവറി വിവാദത്തിനു പിന്നിൽ. കുറച്ചു നാൾ മുമ്പുവരെ കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നതായിരുന്നു ആക്ഷേപം .ഇപ്പോൾ സ്ഥിതി മാറി. വ്യവസായ വികസന സൂചികയിൽ കേരളം ഒന്നാമതായി. അപ്പോൾ നേത്തേ പറഞ്ഞ ആൾക്കാർക്ക് മിണ്ടാട്ടമില്ലാതായി. രാജ്യത്തെ പ്രധാനപ്പെട്ട ഒരു കമ്പനിയാണ് അപേക്ഷ നൽകിയത്. നിലവിലെ നിയമവും ചട്ടവും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് കമ്പനിക്ക് പ്രാരംഭാനുമതി നൽകിയത്.
പ്രതിപക്ഷം വിവാദവുമായി മുന്നോട്ടു പോകട്ടെ. വി.ഡി.സതീശനും എന്തു കാര്യത്തെയാണ് അനുകൂലിച്ചിട്ടുള്ളത്. ദേശീയപാത, ഗെയിൽ പൈപ്പ്ലൈൻ,വാട്ടർ മെട്രോ, കെ- ഫോൺ തുടങ്ങി എല്ലാത്തിനെയും എതിർത്തവരാണ്. എതിർക്കുക മാത്രമാണ് അവർക്ക് അറിവുള്ള കാര്യം. എത്ര കിട്ടിയെന്നാണ് സതീശന്റെ ചോദ്യം. ഒരു കോൺഗ്രസുകാരന്റെ സാധാരണ ചോദ്യമാണ് അത്. എന്തെങ്കിലും കിട്ടാതെ ഒരു കാര്യം നടത്തുന്നത് കോൺഗ്രസിന് ചിന്തിക്കാനാവില്ല. ഒരു കമ്പനി ഇൻവെസ്റ്റ്ന്റ് പ്രൊപ്പോസൽ തന്നു. സർക്കാർ നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. ഇതിന് ടെണ്ടർ വിളിക്കേണ്ട കാര്യമില്ല.
നിശ്ചിത എണ്ണം സംരംഭങ്ങൾ തുടങ്ങേണ്ട സന്ദർഭത്തിലാണ് ടെണ്ടർ വേണ്ടത്. ബാറുകൾക്ക് ലൈസൻസ് കൊടുക്കുന്നത് ടെണ്ടർ വിളിച്ചാണോ? പ്രൊപ്പോസൽ നിയമാനുസൃതം പരിശോധിച്ച് , എക്സൈസ് കമ്മിഷണർ ശുപാർശ ചെയ്തു. മറ്റാരെങ്കിലും പ്രൊപ്പോസൽ നൽകിയാലും ഇതേ നടപടിക്രമങ്ങളാവും . 1999-ലെ മദ്യ നയത്തിന് 2023-ൽ മാറ്റം വരുത്തി. 9.26 കോടി ലിറ്റർ എഥനോളാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. കേന്ദ്ര നിയമപ്രകാരം ഇപ്പോൾ പെട്രോളിയം കമ്പനിക്കാർക്കും എഥനോൾ വേണം. ഇതിന് കേന്ദ്ര സർക്കാർ ഷോർട്ട്ലിസ്റ്റ് ചെയ്ത കമ്പനിയാണ് ഇത്. ഇവിടുത്തെ ശക്തമായ പാരിസ്ഥിതിക നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല.
സത്യം മറയ്‌ക്കുന്ന ദുരൂഹത:
വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ് )
മദ്യനിർമ്മാണ ശാല അനുവദിച്ചതിൽ അടിമുടി ദുരൂഹതയാണ്. എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, വൈനറി പ്ലാന്റ് എന്നിവ ഒരേ സ്ഥലത്ത് തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയതിന്റെ മാനദണ്ഡമെന്താണ്? 26 വർഷങ്ങളായി തുടരുന്ന മദ്യ നയത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയെങ്കിൽ രാജ്യത്തെ മറ്റ് മദ്യനിർമ്മാണ കമ്പനികൾ എന്തുകൊണ്ട് അറിഞ്ഞില്ല? മന്ത്രിയും മുഖ്യമന്ത്രിയും ചില ഉദ്യോഗസ്ഥരും മാത്രം അറിഞ്ഞുള്ള ഇടപാടാണ് ഇത്.
വിവാദമായ ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായവരാണ് ഈ കമ്പനിയുടെ ഉടമകൾ. പഞ്ചാബിൽ തുടങ്ങിയ മദ്യനിർമ്മാണ പ്ളാന്റിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ ഭൂഗർഭജലം മലിനപ്പെടുത്തിയതിന് കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ നിയമ നടപടികൾ നേരിടുന്ന കമ്പനിയാണ് ഒയാസിസ്. കുപ്രസിദ്ധമായ കമ്പനിക്ക് എന്തിനാണ് മദ്യ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ അനുമതി നൽകിയത്? ഈ കമ്പനി മാത്രമെ അപേക്ഷ നൽകിയിരുന്നുള്ളൂവെന്ന മന്ത്രിയുടെ വാദം എങ്ങനെ അംഗീകരിക്കും? കോളേജ് തുടങ്ങാനെന്ന പേരിലാണ് എലപ്പുള്ളി പഞ്ചായത്തിൽ രണ്ടു വർഷം മുമ്പ് കമ്പനി ഭൂമി വാങ്ങിയത്. അപ്പോൾ, കമ്പനിയുമായുള്ള ഡീൽ സർക്കാർ രണ്ടുവർഷം മുമ്പുതന്നെ തുടങ്ങിയതാണെന്ന് സംശയിക്കാം.
ജലചൂഷണത്തിന്റെ പേരിൽ വി.എസ്. അച്യുതാനന്ദനും എം.പി വീരേന്ദ്രകുമാറും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്നാണ് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയത്. അവിടെയാണ് ദശലക്ഷക്കണക്കിന് ലിറ്റർ ജലം ആവശ്യമുള്ള ഈ പ്ലാന്റ് ആരംഭിക്കുന്നത്. വാട്ടർ അതോറിട്ടി വെള്ളം നൽകുമെന്ന് പറയുന്നു. സാധാരണക്കാരുടെ ആവശ്യത്തിന് വെള്ളം നൽകാൻ സാധിക്കാത്ത വാട്ടർ അതോറിട്ടി എവിടെ നിന്ന് വെള്ളം നൽകും? മലമ്പുഴ ഡാമിൽ പാലക്കാടിന് ആവശ്യമുള്ള വെള്ളവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |