
പാലക്കാട്: ലൈംഗിക പീഡനക്കേസിൽ കാണാമറയത്തായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി. ഹൈക്കോടതിയിൽനിന്ന് അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവും രാണ്ടാമത്തെ കേസിൽ മുൻസിഫ് കോടതിയുടെ മുൻകൂർ ജാമ്യവും ലഭിച്ചതിനെത്തുടർന്നാണ് രാഹുലിന്റെ രംഗപ്രവേശനം.
15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. തൊട്ടടുത്തുള്ള ചായക്കടയിൽ കയറി ചായകുടിച്ച് മാദ്ധ്യമപ്രവർത്തകരോടും മറ്റും സംസാരിച്ചശേഷമാണ് മടങ്ങിയത്. 'എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും' എന്നായിരുന്നു പ്രതികരണം. എം.എൽ.എ ഓഫീസിലേക്കാണ് രാഹുൽ മടങ്ങിപ്പോയത്. ഇനി മൂന്ന് ദിവസം പാലക്കാട് തുടരുമെന്നും രാഹുൽ പറഞ്ഞു.
രാഹുൽ വരികയാണെങ്കിൽ പ്രതിഷേധിക്കാൻ സി.പി.എമ്മും ബി.ജെ.പിയും തയ്യാറെടുത്തിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസും നിലയുറപ്പിച്ചിരുന്നു. വൈകിട്ട് 4.50 ഓടെ എത്തിയ രാഹുലിനെ കുന്നത്തൂർമേട് കോൺഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് വത്സനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്വീകരിച്ചു. എം.എൽ.എ എത്തിയതോടെ വോട്ടിംഗ് കേന്ദ്രത്തിനു മുന്നിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. രാഹുലിന്റെ വരവിൽ പാർട്ടിക്ക് ബന്ധം ഇല്ലെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |