തിരുവനന്തപുരം: അഞ്ചു മാസം മാത്രം അകലെ നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കെ മുന്നണികൾക്ക് ഇന്ന് സെമിഫൈനൽ ഫല ദിനം. വിജയത്തിന്റെയും വീഴ്ചയുടെയും ഗ്രാഫ് നോക്കിയാവും ശേഷിക്കുന്ന ദിനങ്ങളിൽ അടവുകൾ പയറ്റുക.
ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഫലങ്ങൾ നിലവിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ പ്രതിഫലനമാവും. മൂന്നാം ഊഴം എന്ന അസുലഭ സ്വപ്നമാണ് ഇടതു മുന്നണിക്ക്. ഇനിയും പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കേണ്ടി വന്നാൽ, പിന്നൊരു തിരിച്ചുവരവ് ക്ളേശകരമെന്ന് യു.ഡി.എഫിനും അറിയാം. ലോക് സഭയിൽ ഒരു സീറ്റു നേടിയ ബി.ജെ.പിക്ക് നിയമസഭയിൽ ഒരു തലയെങ്കിലും ഇല്ലെങ്കിൽ അഭിമാനക്ഷതവുമാകും. ഈ തിരിച്ചറിവുകളിൽ നിന്നുകൊണ്ടാണ് തദ്ദേശ ഫലത്തെ മുന്നണികളും രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്.
മുന്നണി വികസനം കുറേ നാളായി യു.ഡി.എഫ് പറയുന്നുണ്ട്. ഇടത്തോട്ടു ചേർന്നു നിൽക്കുന്ന ചില ചെറുകക്ഷികൾ യു.ഡി.എഫ് നേതൃത്വവുമായി അനൗദ്യോഗികമായി സംസാരങ്ങൾ നടത്തിയെന്നാണ് അറിയുന്നത്. അതേസമയം, ഇക്കുറി ഭരണം കിട്ടിയില്ലെങ്കിൽ തങ്ങൾ തീർത്തും അപ്രസക്തരാവുമെന്ന ആശങ്കയാണ് യു.ഡി.എഫിലെ ചില കക്ഷികൾക്ക്. ഇടതു പക്ഷം വിളിച്ചാൽ അങ്ങോട്ട് അണയുന്നത് അവരുടെ മനസ്സിലുമുണ്ട്.
മുറുമുറുപ്പ് മൂന്നിടത്തും
പി.എം ശ്രീ, ലേബർ കോഡ് വിഷയങ്ങളിൽ സി.പി.ഐയ്ക്ക് അതൃപ്തിയുണ്ടെങ്കിലും മുന്നണി ഒറ്റക്കെട്ടെന്നാണ് പാർട്ടി നേതൃത്വം ആവർത്തിക്കുന്നത്. സി.പി.എമ്മിന്റെ വല്യേട്ടൻ മട്ടിലും പരിഭവമുണ്ട്. തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയാൽ ഭാവി ഇരുളുമെന്ന ആശങ്ക കേരള കോൺഗ്രസ് മാണിഗ്രൂപ്പിനുണ്ട്. ശബരിമല സ്വർണ്ണതട്ടിപ്പ് ഉണ്ടാക്കിയ ക്ഷതം ചെറുതല്ലെന്ന് സി.പി.എമ്മിനും അറിയാം.
കോൺഗ്രസിലെ തൊഴുത്തിൽകുത്ത് ഒഴുക്കിനെ തടസപ്പെടുത്തുന്നെന്ന പരിഭവമാണ് യു.ഡി.എഫിലെ മുഖ്യഘടകകക്ഷിയായ ലീഗിന്. അഞ്ചു വർഷം കൂടി ഭരണമില്ലാത്ത സ്ഥിതി ചിന്തിക്കാനും വയ്യ. ആർ.എസ്.പിയും ഇപ്പോഴത്തെ അവസ്ഥയിൽ അസന്തുഷ്ടരാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഇടിത്തീ പോലെ പതിച്ചതാണ് കോൺഗ്രസിനേറ്റ പ്രഹരം. പുറത്താക്കിയെങ്കിലും ഒരു വിഭാഗം ഇപ്പോഴും രാഹുലിനെ അനുകൂലിക്കുന്നതും പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള മത്സരം മറ്റൊരു തലവേദന.
അതേസമയം, അർഹമായ പരിഗണനയില്ലെന്ന പരാതി എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനുണ്ട്. തീരുമാനങ്ങൾ സംസ്ഥാന അദ്ധ്യക്ഷൻ തനിച്ച് എടുക്കുന്നെന്ന പരിഭവം ചില ബി.ജെ.പി നേതാക്കളും പ്രകടിപ്പിക്കുന്നു. കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണയത്തിലെ അപാകങ്ങൾ ഫലത്തെ ബാധിക്കുമെന്ന് അവർ കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |