തിരുവനന്തപുരം: യു.ജി.സി പുറത്തിറക്കിയ 2025 ലെ കരട് മാർഗനിർദ്ദേശം പിൻവലിക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരുമായി വിശദ ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ ഗൗരവമായി കണക്കിലെടുത്തുമാത്രമേ പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കാവൂ എന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠേന അംഗീകരിച്ചു.
ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാതെയുള്ളതും വൈസ് ചാൻസലർ നിയമനത്തിലടക്കം സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങളെ പൂർണമായും ഒഴിവാക്കുന്നതുമായ കരട് യു.ജി.സി മാനദണ്ഡങ്ങൾ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്തതാണ്. സർവകലാശാലകളുടെയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിനായി 80 ശതമാനത്തോളം തുക ചെലവിടുന്നത് സംസ്ഥാന സർക്കാരുകളാണ്. ഇതിനെയെല്ലാം അവഗണിച്ച് ഒരു ചർച്ചയും കൂടാതെ, വൈസ് ചാലൻസലർ നിയമനംപോലുള്ള സുപ്രധാന നിയമനങ്ങളിലും അദ്ധ്യാപകരുടെ യോഗ്യത, സേവനവ്യവസ്ഥ എന്നിവയെക്കുറിച്ചും ഉൾക്കൊള്ളിച്ച വ്യവസ്ഥകൾ ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണ്.
സർവകലാശാലകളിൽ അക്കാഡമിക് വിദഗ്ദ്ധരെ വേണമെങ്കിൽ മാറ്റിനിറുത്തി സ്വകാര്യ മേഖലയിൽനിന്നുപോലും വ്യക്തികളെ വൈസ് ചാൻസലർമാരാക്കാമെന്ന സമീപനം ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരിക്കാനുള്ള നീക്കമാണ്. ഇത് തീർത്തും പ്രതിഷേധാർഹമാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യമൂല്യങ്ങൾ തകർക്കാനും ഈ മേഖലയെ മതവർഗീയ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെ പിടിയിലൊതുക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ കരട് യു.ജി.സി മാനദണ്ഡങ്ങളെ കാണാൻ കഴിയൂ.
വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകൾ പ്രവർത്തിക്കുന്നത് അതത് നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്കനുസൃതമായാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന പട്ടികയിലെ ഇനം 32 പ്രകാരം സർവകലാശാലകളുടെ സ്ഥാപനം, മേൽനോട്ടം എന്നിവ സംബന്ധിച്ച അധികാരം സംസ്ഥാനങ്ങൾക്കാണ്. യൂണിയൻ ലിസ്റ്റിലെ ഇനം 66 പ്രകാരം ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിനും നിലവാരം നിശ്ചയിക്കുന്നതിലും മാത്രമാണ് കേന്ദ്ര സർക്കാരിന് അധികാരമുള്ളത്. ഇതിന്റെ പിൻബലത്തിലാണ് യു.ജി.സി നിയമത്തിൻകീഴിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്നും പ്രമേയത്തിൽ വിശദമാക്കി.
യു.ജി.സി ചട്ടം:
കേന്ദ്രമന്ത്രിക്ക് മന്ത്രി ബിന്ദുവിന്റെ കത്ത്
തിരുവനന്തപുരം: യു.ജി.സി കരടു ചട്ടത്തെ എതിർത്തും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് മന്ത്രി ഡോ.ആർ. ബിന്ദു കത്തയച്ചു. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് മന്ത്രി ചൂണ്ടിക്കാട്ടി. വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സംസ്ഥാനം പാസാക്കിയ ബില്ലിന് വിരുദ്ധമാണ് യു.ജി.സി കരടുചട്ടം. ഈ ബില്ല് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അദ്ധ്യാപക നിയമനത്തിനുള്ള വ്യവസ്ഥകളും പൊതുതാത്പര്യത്തിനെതിരാണ്. ഇതിൽ പലതും നിയമപ്രശ്നങ്ങളുണ്ടാക്കുന്നതും ക്രമക്കേടുകൾക്ക് വഴിവയ്ക്കുന്നതുമാണ്. നിയമന യോഗ്യതകളിൽ ഇളവു വരുത്തുന്നത് അക്കാഡമിക് ഗുണനിലവാരം കുറയ്ക്കും. സർക്കാർ കോളേജുകളിൽ നിയമനം നടത്തുന്നത് പി.എസ്.സി വഴിയാണ്. എയ്ഡഡ് കോളേജുകളിൽ യു.ജി.സി മാനദണ്ഡപ്രകാരം രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റി വഴിയാണ് നിയമനം. എല്ലായിടത്തും സെലക്ഷൻ കമ്മിറ്റി വേണമെന്നാണ് പുതിയ വ്യവസ്ഥ. കരടുചട്ടം എത്രയും വേഗം പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |