കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്‌ൻ കേസിൽ പൊലീസ് അന്വേഷണത്തിൽ സംഭവിച്ച പിഴവുകൾ വ്യക്തമാക്കി കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്നും കോടതി വ്യക്തമാക്കി. നടന്റെ കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്ത കൊക്കെയ്നിന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ലെന്നും രഹസ്യവിവരം ലഭിച്ചെന്ന വാദം പൊലീസ് തന്നെ തളളിപ്പറഞ്ഞെന്നും കോടതി കൂട്ടിച്ചേർത്തു.
'പൊലീസ് കണ്ടെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയില്ല.പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്.വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല. ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള അഞ്ച് പ്രതികൾ കൊക്കെയ്‌ൻ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ല. നടൻ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് പ്രവേശിച്ചത് ആരെന്നും അന്വേഷണ സംഘത്തിന് ഓർമയില്ല. കൊക്കെയ്‌ൻ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്. ഫോറൻസിക് സയൻസ് ലാബിൽ ക്ളോറൈഡ് ഉൾപ്പടെയുള്ള ഘടകങ്ങൾ കൃത്യമായി വേർതിരിച്ച് പരിശോധന നടത്തിയില്ല'- കോടതി നിരീക്ഷിച്ചു.
ഷൈൻ ടോം ചാക്കോയും നാല് മോഡലുകളും ലഹരി വസ്തു ഉപയോഗിച്ചതായാണ് പൊലീസ് കേസ്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇവരിൽ നിന്ന് ഏഴ് ഗ്രാം കൊക്കെയ്‌ൻ പിടിച്ചെടുത്തതായാണ് പൊലീസ് റെക്കോർഡിലുളളത്. എന്നാൽ ഇത് പിടിച്ചെടുത്തത് പ്രതികളിൽ നിന്നാണെന്ന് തെളിയിക്കുന്ന കാര്യത്തിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിൽ നടനെ കുറ്റവിമുക്തനാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |