കോഴിക്കോട്: പിക്കപ്പ് വാനിൽ വിൽപ്പനയ്ക്ക് കൊണ്ടുപോയ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാസർകോട് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32), ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്റഫ് ( 37 ) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 കിലോഗ്രാം 465 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി ചേവായൂർ പൊലീസ് അറിയിച്ചു. നഗരത്തിലെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ എസ് ഐ നിമിൻ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. കാസർകോട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പിക്കപ്പ് വാനിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന ലഹരി മലാപ്പറമ്പ് ജംഗ്ഷനിൽ വച്ചാണ് പിടികൂടിയത്. വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചതിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവ് കണ്ടെടുത്തത്. വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് എത്തിച്ച എട്ട് ലക്ഷം രൂപയുടെ കഞ്ചാവാണ് ഡാൻസാഫും ചേവായൂർ പോലീസും സംയുക്തമായി പിടികൂടിയിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌പാ കേന്ദ്രങ്ങളിൽ ഇന്ന് പൊലീസ് മിന്നൽ പരിശോധന നടത്തി. അനധികൃത സ്ഥാപനങ്ങളിൽ ലഹരി വിൽപന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നഗരത്തിലെ വിവിധ മസാജ് പാർലറുകളും സ്‌പാ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ആഴ്ച കഴക്കൂട്ടത്തെ സ്‌പാ കേന്ദ്രത്തിൽ നിന്ന് എംഡിഎംഎയുമായി ജീവനക്കാരിയെ പിടികൂടിയിരുന്നു. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |