തിരുവനന്തപുരം: വീടിനുള്ളില്‍ യുവതിയെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ തെരഞ്ഞ് പൊലീസ്. കഠിനംകുളത്ത് താമസിക്കുകയായിരുന്ന കായംകുളം സ്വദേശി ആതിര (30) ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ പൂജാരിയായ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 8.30ന് മകനെ സ്‌കൂളില്‍ വിട്ടപ്പോഴും യുവതി വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കൊച്ചി സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആതിരയുടെ വീട്ടിലെത്തി സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.കൊലയ്ക്ക് ശേഷം യുവതിയുടെ സ്‌കൂട്ടറുമായിട്ടാണ് അക്രമി രക്ഷപ്പെട്ടത്. വീടിന്റെ മതില്‍ ചാടിയാണ് അക്രമി വീടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കഠിനംകുളം, ചിറയിന്‍കീഴ് ഭാഗത്തെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇരുവരും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ചും കൊലയിലേക്ക് എത്തിയത് എങ്ങനെയാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, പ്രതി എന്തിനാണ് യുവതിയുടെ സ്‌കൂട്ടറുമായി മുങ്ങിയതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. യുവാവുമായി ആതിര സൗഹൃദത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഈ യുവാവിനെ കഴിഞ്ഞ രണ്ട് ദിവസമായി യുവതിയുടെ വീട്ടുപരിസരത്ത് കണ്ടിരുന്നതായും നാട്ടുകാരില്‍ ചിലര്‍ പൊലീസിനോട് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |