മലപ്പുറം: നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ട നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനെയാണ് മലപ്പുറം മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസാണ് (19) മാനസിക പീഡനം മൂലം ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കിയത്. തുടർന്ന് യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആത്മഹത്യാ പ്രേരണ, മാനസിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വിദേശത്തായിരുന്നു അബ്ദുൽ വാഹിദ് കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിലിറങ്ങിയത്. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം പ്രതിയെ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുത്ത് കൊണ്ടോട്ടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയുടെ മാതാപിതാക്കൾക്കെതിരെയും ഷഹാനയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും അബ്ദുൽ വാഹിദും തമ്മിലുള്ള വിവാഹം. ഇതുകഴിഞ്ഞ് ഒരു മാസത്തിനുശേഷം വാഹിദ് ഗർഫിലേക്ക് പോകുകയായിരുന്നു. ഫോണിലൂടെ പലതവണ നിറത്തിന്റെ പേരിൽ തുടർച്ചയായി അവഹേളിച്ചിരുന്നതായാണ് പരാതി. മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇതിന്റെ പേരിൽ വിവാഹബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചെന്നും ഇംഗ്ലിഷ് സംസാരിക്കാൻ അറിയില്ലെന്നു പറഞ്ഞും അവഹേളിച്ചെന്ന് പരാതിയിലുണ്ട്. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയോട് ഭർതൃമാതാവ് ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |