തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്‌മ അട്ടക്കുളങ്ങര വനിതാജയിലിൽ കൊലക്കേസ്, പോക്സോ തടവുകാർക്കൊപ്പം. 1/25 എന്നതാണ് കൺവിക്ട് നമ്പർ. ജയിൽ വസ്ത്രമാണ് ധരിക്കേണ്ടത്. റിമാൻഡ് പ്രതിയായി ഇവിടെ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ, ശിക്ഷിക്കപ്പെട്ടതോടെ മറ്റൊരു ഭാഗത്തെ സെല്ലിൽ അടച്ചു. സെല്ലിലിരുന്ന് ചിത്രം വരച്ചാണ് സമയം നീക്കുന്നത്.
ശിക്ഷിക്കപ്പെട്ടതിനാൽ ഇനി ജയിലിലെ ജോലികൾ ചെയ്യേണ്ടി വരും. ഭക്ഷണപ്പുരയിലോ പാവയോ കരകൗശല വസ്തുക്കളോ നിർമ്മിക്കുന്നിടത്തോ തയ്യൽ യൂണിറ്റിലോ ആയിരിക്കും ജോലി. താത്പര്യം കൂടി ആരാഞ്ഞ ശേഷമായിരിക്കും നിയോഗിക്കുക. അഭിഭാഷകരടക്കം ആരും ഇന്നലെ ഗ്രീഷ്മയെ കാണാനെത്തിയില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു. അടിവസ്ത്രങ്ങൾ ഒരു ബന്ധു എത്തിച്ചു.
കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നാമത്തെ വനിതയാണ് ഗ്രീഷ്‌മ. കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിൽ അദ്ദേഹത്തിന്റെ ഭാര്യ ബിനിത കുമാരി, വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി കോവളം സ്വദേശി റഫീക്കാബീവി എന്നിവരാണ് മറ്റു രണ്ടുപേർ. ബിനിത കുമാരിയുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചു. ഇരുവരും അട്ടക്കുളങ്ങര വനിതാജയിലിലാണ്. ഇവരെ പാർപ്പിച്ചിരിക്കുന്ന ഭാഗത്താണ് ഗ്രീഷ്മയുടെയും സെൽ.വധശിക്ഷയായതിനാൽ പരോൾ കിട്ടില്ല. മറ്റു തടവുകാർക്കൊപ്പമാണ് കഴിയേണ്ടത്. അപ്പീൽ പോവാനുള്ള അവസരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |