കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്ര വ്യാപാര, തീരുവ നയങ്ങൾ തുടർന്നാൽ സ്വർണ വില റെക്കാഡുകൾ പുതുക്കി കുതിച്ചേക്കും. ട്രംപ് അധികാരമേറ്റതു മുതൽ സ്വർണ വില മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയും ചൈനയും ബ്രസീലുമടക്കമുള്ള രാജ്യങ്ങൾ വ്യാപാര ഇടപാടുകളിൽ നിന്ന് ഡോളർ ഒഴിവാക്കുന്നതിനെതിരെ ട്രംപ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഡീഡോളറൈസേഷൻ നടത്തുന്ന രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി സ്വർണത്തിന്റെ വാങ്ങൽ താത്പര്യം ഉയർത്തിയേക്കും.
രാഷ്ട്രീയ, ധന അനിശ്ചിതത്വങ്ങൾ കരുത്താകും
സാമ്പത്തിക അനിശ്ചിതത്വ കാലയളവിലെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്. യു.എസ് ബാേണ്ടുകളുടെയും ഡോളറിന്റെയും മൂല്യവർദ്ധനയും സ്വർണത്തിന് അനുകൂലമാണ്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ നടപ്പു സാമ്പത്തിക വർഷം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് മൂവായിരം ഡോളറെത്തുമെന്നാണ് ആഗോള നിക്ഷേപ ഏജൻസികൾ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ട്രംപ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ 2,536 ഡോളർ വരെ താഴ്ന്നതിന് ശേഷമാണ് ഇന്നലെ വില ഔൺസിന് 2,750 ഡോളറിന് മുകളിലെത്തി.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷം ഒഴിവായെങ്കിലും പുതിയ വ്യാപാര യുദ്ധം വിപണിക്ക് സമ്മർദ്ദം വർദ്ധിപ്പിച്ചേക്കും.
ട്രംപിന്റെ വ്യാപാര നയങ്ങൾ അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുമെന്നാണ് വിലയിരുത്തുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണ വില മുകളിലേക്ക് നീങ്ങാൻ സഹായിക്കും.
റഷ്യയും ഉക്രെയിനുമായുള്ള സംഘർഷങ്ങളിൽ അയവുണ്ടായാൽ സ്വർണ വിലയിൽ തിരുത്തലുണ്ടാകും. എന്നാൽ ഡീഡോളറൈസേഷനെതിരെ ട്രംപ് നടപടി ശക്തമാക്കിയാൽ സ്വർണം കുതിപ്പ് തുടരാനാണ് സാദ്ധ്യത
അഡ്വ. എസ്. അബ്ദുൽ നാസർ
ട്രഷറർ
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |