തിരുവനന്തപുരം: ശബരിമലയിൽ ചരിത്രത്തിലെ തന്നെ മികച്ച മണ്ഡലകാല നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസൂത്രണ മികവാണെന്ന് ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ. മികച്ച ഏകോപനം ഉറപ്പാക്കിയതിന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരെ അഭിനന്ദിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ സുരേഷ് കുമാർ, ജയപ്രകാശ്. ജെ, ദേവസ്വം ബോർഡ് കോമ്പൗണ്ട് കമ്മിറ്റി പ്രസിഡന്റ് ബിജുനാഥൻപിള്ള, സെക്രട്ടറി ദിലീപ് വണ്ടന്നൂർ എന്നിവർ പങ്കെടുത്തു.
ദേവസ്വം ബോർഡ്
പെൻഷൻ നടപടി
ഡിജിറ്റലൈസ് ചെയ്യണം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പെൻഷൻ നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് പെൻഷനേഴ്സ് കോൺഫെഡറേഷൻ ആവശ്യപ്പെട്ടു. നിലവിൽ പെൻഷൻ റിവിഷൻ, ഡി.എ എന്നിവ ലഭിക്കുന്നതിനായി അയ്യായിരത്തോളം പെൻഷൻകാർ ദേവസ്വംബോർഡ് ആസ്ഥാനത്ത് നേരിട്ട് എത്തേണ്ട സ്ഥിതിയാണ്. ഇത് പരിഹരിക്കാൻ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഡിജിറ്റലൈസ് ചെയ്തതു പോലെ പെൻഷൻ ആനുകൂല്യങ്ങൾ കൂടി ഡിജിറ്റലൈസ് ചെയ്യണമെന്ന് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.ഷാജി ശർമ്മ, ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് ടി.ചന്ദ്രൻ, ട്രഷറർ കെ.മുരളീധരൻ നായർ എന്നിവർ ആവശ്യപ്പെട്ടു.
പരീക്ഷാഹാളിൽ അദ്ധ്യാപകരുടെ ഫോൺ വിലക്കി
ഉത്തരവ്
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി പൊതുപരീക്ഷാഹാളിൽ ഇൻവിജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. 2024 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പൊതുപരീക്ഷയ്ക്കിടെ സർക്കാർതല ഇൻസ്പെക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിന് തുടർന്നാണിത്.
ദേവസ്വം ഓഫീസുകൾക്ക് നോട്ടീസ്
തിരുവനന്തപുരം : 2022- 23 വർഷത്തെ കണക്കുകൾ സമർപ്പിക്കാത്ത ഓഫീസുകൾക്കും കോളേജുകൾക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് നോട്ടീസയച്ചു. കണക്കുകൾ അടുത്തവർഷം സെപ്തംബർ 30 നോ അതിനു മുൻപോ സമർപ്പിക്കണമെന്നാണ് ചട്ടം. അപാകത കണ്ടെത്തിയതിനെ തുടർന്ന് 14 ഓഫീസുകൾ നൽകിയ കണക്കുകൾ അക്കൗണ്ട്സ് വിഭാഗം മടക്കി. എന്നാൽ വീണ്ടും സമർപ്പിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല.
ഫെബ്രുവരി അഞ്ചിനകം കണക്കുകൾ നൽകിയില്ലെങ്കിൽ തുടർനടപടി ക്രമങ്ങളിലേക്ക് കടക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
കേരളകൗമുദി നോൺ
ജേർണലിസ്റ്റ്സ് അസോ.
വാർഷിക സമ്മേളനം
തിരുവനന്തപുരം: കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ 55-ാമത് വാർഷിക സമ്മേളനം നാളെ രാവിലെ 10ന് പാളയം ഹസൻ മരയ്ക്കാർ ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോ. ജനറൽ സെക്രട്ടറി കെ.എസ്.സാബു, വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വെട്ടുകാട് സോളമൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരണവും പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |