കോട്ടയം: മുൻ മന്ത്രി കെ.എം.മാണിയുടെ വിയോഗത്തോടെ ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. പതിവുപോലെ പാലാ സീറ്റ് എൻ.സി.പിയുടേതാണെന്ന് പ്രഖ്യാപിച്ച എൽ.ഡി.എഫ് നേതൃത്വം മാണി.സി.കാപ്പനെ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മാണിയുടെ വിയോഗത്തോടെ രണ്ട് തട്ടിലായ കേരള കോൺഗ്രസിൽ ഇതുവരെ സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. ജോസഫ് , ജോസ് .കെ.മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാൽ സ്ഥാനാർത്ഥി നിർണയമടക്കം യു.ഡി.എഫിന് മുന്നിൽ കീറാമുട്ടിയാകുമെന്ന് ഉറപ്പാണ്. എൻ.ഡി.എ പാളയത്തിലാകട്ടെ ഇതുവരെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ല. പി.സി.ജോർജിന്റെ മകനോ പി.സി.തോമസോ എൻ.ഡി.എ സ്ഥാനാർത്ഥിയാകുമെന്നാണ് അഭ്യൂഹങ്ങൾ.
അതേസമയം, ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുമുന്നണി പൂർണസജ്ജമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഇത്തവണ ഇടതുമുന്നണി പാലായിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പാണ്. കേരള കോൺഗ്രസ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞുനിൽക്കുന്നതിനാൽ ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിന് തലവേദനയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയത്തിൽ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണയൊക്കെ ഇപ്പോൾ മാറിയിട്ടുണ്ട്. വിശ്വാസികളെ യു.ഡി.എഫും ബി.ജെ.പിയും ചതിക്കുകയായിരുന്നുവെന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമാണ്. ബാക്കി കാര്യങ്ങൾ എൽ.ഡി.എഫ് യോഗം ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഉപതിരഞ്ഞെടുപ്പിൽ പൂർണ ആത്മവിശ്വാസമുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള കോൺഗ്രസിലെ തർക്കങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിഷ.ജോസ്.കെ.മാണി മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച ജോസ്.കെ.മാണി സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. നാളെ യു.ഡി.എഫ് യോഗം ചേർന്നതിന് ശേഷം ജനാധിപത്യ രീതിയിൽ ചർച്ച ചെയ്ത് രമ്യമായി സ്ഥാനാർത്ഥി നിർണയം നടത്തും. തിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിഷയോ ജോസ്.കെ.മാണിയോ തന്നെ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.
മാണിയുടെ വിയോഗത്തിന് പിന്നാലെ തന്നെ പാലാ സീറ്റിൽ സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ എൻ.ഡി.എ ക്യാമ്പിൽ ചർച്ച തുടങ്ങിയിരുന്നു. പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിനെ പാലായിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിനോട് ബി.ജെ.പി കോട്ടയം ജില്ലാ ഘടകം എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇക്കാര്യത്തിൽ തർക്കമായി. എന്നാൽ തങ്ങൾ എൻ.ഡി.എയിൽ പുതിയ പാർട്ടിയാണെന്നും അതിനാൽ പാലാ സീറ്റിൽ അവകാശവാദം ഉന്നയിക്കില്ലെന്നുമാണ് പി.സി.ജോർജിന്റെ നിലപാട്. പാലായിൽ ഉചിതമായ സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നും ഇത്തവണ വിജയ സാധ്യതയുണ്ടെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്നും മത്സരിച്ച പി.സി.തോമസിന് പാലാ സീറ്റ് നൽകിയേക്കുമെന്നും സൂചനകളുണ്ട്.
ശബരിമല അടക്കമുള്ള വിഷയങ്ങളിലേറ്റ തിരിച്ചടിക്ക് ശേഷം നിലപാടുകളിൽ അയവ് വരുത്തിയ എൽ.ഡി.എഫ് നേരിടുന്ന തിരഞ്ഞെടുപ്പ്, മാണിയുടെ വിയോഗത്തിന് പിന്നാലെ ഔദ്യോഗിക പക്ഷം ആരാണെന്ന് തെളിയിക്കാൻ ജോസഫിനും ജോസ്.കെ.മാണിക്കും ലഭിച്ചിരിക്കുന്ന അവസരം, ഒ.രാജഗോപാലിന് ശേഷം കേരള നിയമസഭയിൽ താമര വിരിയിക്കാൻ ബി.ജെ.പിക്ക് മുന്നിലുള്ള അവസരം... മൂന്ന് മുന്നണികൾക്കും പാലാ ഉപതിരഞ്ഞെടുപ്പ് നിർണായകമാകുമ്പോൾ രാഷ്ട്രീയ രംഗം ചൂടേറുമെന്ന് ഉറപ്പാണ്. അടുത്ത മാസം 23നാണ് തിരഞ്ഞടുപ്പ് നടക്കുന്നത്. ബുധനാഴ്ച മുതൽ പത്രികാ സമർപ്പണം തുടങ്ങും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം സെപ്തംബർ ഏഴിനാണ്. അഞ്ചിനാണ് സൂക്ഷ്മ പരിശോധന നടക്കുക. സെപ്‌തംബർ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |