#ധന,ഭക്ഷ്യ മന്ത്രിമാരുമായുള്ള ചർച്ച പരാജയം;
തിരുവനന്തപുരം: റേഷൻ വ്യാപാരികളുമായി ധന,ഭക്ഷ്യ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ,തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം .സി.ഐ.ടി.യു, എ.ഐ.ടി.യു.സി അടക്കമുള്ള ഭരണപക്ഷ സംഘടനകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
. സർക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ വേതന പാക്കേജ് ചർച്ചക്കെടുക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ.
ബാലഗോപാൽ വ്യക്തമാക്കി. വേതന വർദ്ധന സംബന്ധിച്ച് മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിൻമേൽ ചർച്ച നടത്തി സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നുമായിരുന്നു മന്ത്രിമാർ അറിയിച്ചത്. എന്നാൽ ഏഴു വർഷമായി റേഷൻ വ്യാപാരികൾ മുന്നോട്ടു വയ്ക്കുന്ന വേതന പാക്കേജിൽ അനുഭാവപൂർണമായ യാതൊരു സമീപനവും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് റേഷൻ വ്യാപാരികൾ കുറ്രപ്പെടുത്തി. ഇതോടെയാണ് കടയടപ്പ് സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് അവർ വ്യക്തമാക്കിയത്. യോഗത്തിൽ സംഘടനാ നേതാക്കളായ ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, കൃഷ്ണപ്രസാദ്, പ്രിയൻകുമാർ, മുഹമ്മദലി, ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര എന്നിവർ പങ്കെടുത്തു. എ.കെ.ആർ.ആർ.ഡി.എ, കെ.എസ് .ആർ.ആർ.ഡി.എ , കെ.ആർ.ഇ.യു ( സി.ഐ.ടി.യു ), കെ.ആർ.ഇ.എഫ് ( എ.ഐ.ടി.യു.സി ) എന്നീ സംഘനകൾ സംയുക്തമായാണ് സമരം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |