പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറിയുമായി ബന്ധപ്പെട്ട് വലിയ വ്യാവസായിക മുന്നേറ്റത്തിന് പാലക്കാട്ട് കളമൊരുങ്ങുകയാണെന്നും അതിനെ ഇല്ലാതാക്കരുതെന്നും മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യമായ വെള്ളം മലമ്പുഴയിൽ നിന്നും മഴവെള്ളം സംഭരിക്കുന്നതിലൂടെയും ലഭ്യമാക്കും. അതുപറഞ്ഞ് അനേകായിരം പേർക്ക് തൊഴിലവസരം കിട്ടുന്ന പദ്ധതി മുടക്കാൻ ശ്രമിക്കരുത്.
ഒരു തുള്ളി ഭൂഗർഭജലം എടുക്കാൻ അനുമതി നൽകിയിട്ടില്ല. ഇതിന്റെ പേരിൽ നുണപ്രചാരണമാണ് നടക്കുന്നത്. കുടിലമായ രാഷ്ട്രീയ ലക്ഷ്യമാണ് അതിനുപിന്നിൽ. കേരളത്തിൽ ഒരു വ്യവസായം വരുമ്പോൾ ആദ്യം പഞ്ചായത്തിന്റെ അനുമതി തേടിയിട്ടാണോ ആരംഭിക്കുക. പഞ്ചായത്തിന്റെ അനുമതി ആവശ്യമുള്ള ചില ഘട്ടങ്ങളുണ്ട്. ആ ഘട്ടത്തിലാണ് അത് ചോദിക്കുക. ഇക്കാര്യങ്ങളിൽ മാദ്ധ്യമങ്ങൾ ഉൾപ്പെടെ നുണപ്രചാരണം നടത്തുകയാണ്.
മദ്യനയത്തിൽ പറഞ്ഞിട്ടുള്ള കാര്യമാണ് ഇപ്പോൾ നടപ്പാക്കുന്നത്. സർക്കാരിന്റെ മദ്യനയത്തെ എതിർത്ത് അന്ന് പ്രസ്താവനയിറക്കിയ രമേശ് ചെന്നിത്തല ഇപ്പോൾ ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്. പുറത്ത് ഉന്നയിച്ച ഗൗരവത്തോടെ ഈ ആക്ഷേപം നിയമസഭയിൽ ഉന്നയിക്കാനുള്ള ധൈര്യം പ്രതിപക്ഷത്തിന് ഉണ്ടായില്ല. ഇതൊരു വ്യവസായമാണ്. വ്യവസായം ആരംഭിക്കുന്നതിന് ടെൻഡർ വിളിക്കണോയെന്നും മന്ത്രി ചോദിച്ചു.
കർഷകരോടുള്ള
ക്രൂരതയെന്ന് ചെന്നിത്തല
എലപ്പുള്ളിയിലെ ബ്രൂവറി, കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും. അനുമതി നൽകിയത് കർഷകരോടുള്ള സർക്കാരിന്റെ ക്രൂരതയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിയുടെ സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒയാസിസ് കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തുവെന്ന് സർക്കാർ പറയണം. കമ്പനിയുമായി മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ ചർച്ച ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കണം.
മഴയില്ലാത്തിടത്ത് എങ്ങനെ മഴക്കുഴി നിർമ്മിച്ച് വെള്ളം ഉപയോഗിക്കും. മന്ത്രി മദ്ധ്യപ്രദേശിൽ നിന്നും മഴ കൊണ്ടുവരുമോ. മദ്യനയത്തിൽ മാറ്റം വരുത്തിയ കാര്യം എന്തുകൊണ്ട് ഇടതുപക്ഷം ജനങ്ങളോട് പറഞ്ഞില്ല, മന്ത്രി രാജേഷ് നിയമസഭയിൽ നിന്ന് ഒളിച്ചോടുകയായിരുന്നു.
വി.എസ്.അച്യുതാനന്ദൻ സജീവമായിരുന്നെങ്കിൽ ഈ പദ്ധതിക്ക് അനുമതി നൽകില്ലായിരുന്നു. സി.പി.ഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |