വാഷിംഗ്‌ടൺ: ബംഗ്ളാദേശ് സർക്കാരിന് നൽകിയിരുന്ന ഫണ്ടിംഗ് നിർത്തലാക്കി അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 90 ദിവസത്തേയ്ക്ക് എല്ലാ വിദേശ സഹായങ്ങളും നിർത്തിവച്ച സാഹചര്യത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്‌മെന്റ് (യുഎസ്‌എഐഡി) മുഹമ്മദ് യൂനുസ് സർക്കാരിനുള്ള ഫണ്ട് നൽകുന്നത് നിർത്തലാക്കിയത്.
പുതിയ ഉത്തരവ് പ്രകാരം നിലവിലുള്ള എല്ലാ വിദേശ സഹായങ്ങളും നിർത്തിവച്ചിരിക്കുകയാണ്. ജനുവരി 20ന് ട്രംപ് അധികാരത്തിലേറിയതിനുശേഷമുള്ള പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരമുള്ള സഹായങ്ങളും താത്‌കാലികമായി നിർത്തുകയും ചെയ്തു. ഇസ്രായേലും ഈജിപ്തും മാത്രമാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്.
എല്ലാ വിദേശ സഹായങ്ങളുടെയും സർക്കാർ തലത്തിലുള്ള സമഗ്ര അവലോകനം 85 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും, സ്റ്റേറ്റ് സെക്രട്ടറിയുടെ പരിഗണനയ്ക്കും പ്രസിഡന്റിന്റെ ശുപാർശയ്ക്കുമായി റിപ്പോർട്ട് സമർപ്പിക്കുമെന്നും സ്റ്റേറ്റ് സെക്രട്ടറി ഒപ്പിട്ട മെമ്മോയിൽ വ്യക്തമാക്കുന്നു.
വിദേശ സഹായങ്ങൾ നിർത്തലാക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവ് കണക്കിലെടുത്ത് കരാർ പ്രകാരം നടത്തുന്ന ഏതൊരു ജോലിയും ഉടൻ നിർത്താൻ ആവശ്യപ്പെട്ട് ബംഗ്ളാദേശിന് സന്ദേശമയച്ചിരിക്കുകയാണ് യുഎസ്എഐഡി.
യുഎസ്എഐഡിയുടെ സഹായം ഏറ്റവും കൂടുതൽ ലഭിക്കുന്ന ഏഷ്യൻ രാജ്യമാണ് ബംഗ്ളാദേശ്. ആഗോള ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരംഭങ്ങൾ, ജനാധിപത്യം, ഭരണം, വിദ്യാഭ്യാസം, പരിസ്ഥിതി പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിദേശനാണ്യ കരുതൽ ശേഖരം സ്ഥിരപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം യൂനുസ് സർക്കാർ അന്താരാഷ്ട്ര വായ്‌പാദാതാക്കളിൽ നിന്ന് അഞ്ച് ബില്യൺ ഡോളർ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരുന്നു. കൂടാതെ ഐഎംഎഫിൽ നിന്ന് 4.7 ബില്യൺ ഡോളർ ജാമ്യവും ബംഗ്ളാദേശ് ആവശ്യപ്പെട്ടിരുന്നു. 2024 സെപ്‌തംബറിൽ, യുഎസ് 202 മില്യൺ ഡോളറിന്റെ സഹായം ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തിരുന്നു. 2021നും 2026നും ഇടയിൽ 954 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തുള്ള 2021ലെ കരാർ പ്രകാരമാണിത്. ഇതിൽ 425 മില്യൺ ഡോളർ ഇതിനകംതന്നെ ബംഗ്ളാദേശിന് നൽകിയിരുന്നു. മുൻപ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അഭയം നൽകിയതിനുപിന്നാലെ ഇന്ത്യയുമായി ബന്ധം ഉലഞ്ഞ ബംഗ്ളാദേശിന് കനത്ത തിരിച്ചടിയാണ് അമേരിക്ക നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |