ന്യൂഡൽഹി: തന്റെ തലയിലേക്ക് ആകാശം ഇടിഞ്ഞു വീഴുമെന്ന ഭയത്തോടെ ജീവിക്കുന്ന കാർട്ടൂൺ കഥാപാത്രത്തെപ്പോലെയാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ ഭീഷണിയെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം.
'ആസ്ടെറിക്‌സ് ആൻഡ് ഒബെലിക്‌സ് എന്ന ഫ്രഞ്ച് കാർട്ടൂൺ പരമ്പരയിലെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന കഥാപാത്രത്തോടാണ് കോടതി ഉപമിച്ചത്.
ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമാണ്. സുരക്ഷയിൽ ആശങ്കയുന്നയിച്ച് സമർപ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരുടെ ബെഞ്ച്.
മുല്ലപ്പെരിയാർ ഡാം 135 വർഷത്തെ കാലവർഷം (മൺസൂൺ മഴ) അതിജീവിച്ചതാണ്. നിശ്ചയിച്ചിരുന്ന ആയുസിനേക്കാൾ രണ്ടിരട്ടിയിൽ അധികം പിന്നിട്ടു. വിഷയം മൂന്നംഗ ബെഞ്ചിന് വിടുമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 19ന് ആ ബെഞ്ച് പരിഗണിച്ചേക്കും. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ചില ഹർജികൾ മറ്റൊരു ബെഞ്ചിലുണ്ട്. ഇതടക്കം മൂന്നംഗ ബെഞ്ചിലേക്ക് മാറ്റുമെന്നാണ് സൂചന.
'ആശങ്കയോടെ ഞാനും
കേരളത്തിൽ ജീവിച്ചു'
'മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചവർ അഭിനന്ദനം അർഹിക്കുന്നു. ഡാം പൊട്ടുമെന്ന ഭീതിയിൽ ജനങ്ങൾ ജീവിക്കുകയാണ്. താനും ആ ആശങ്കയിൽ കേരളത്തിൽ ഒന്നരവർഷത്തോളം ജീവിച്ചു' രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ഹൃഷികേശ് റോയ് നിരീക്ഷിച്ചു. കേരള ഹൈക്കോടതിയിൽ ഒന്നരവർഷത്തോളം ചീഫ് ജസ്റ്റിസായിരുന്നു ഹൃഷികേശ് റോയ്.
#മൂന്നംഗ ബെഞ്ചിന്റെ
നിലപാട് നിർണായകം
# പുതിയ ഡാം നിർമ്മിക്കാനും ജലനിരപ്പ് 120 അടിയായി കുറയ്ക്കാനും ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികൾ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ മൂന്നംഗ ഞ്ചെഞ്ചിന്റെ മുന്നിലുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിടുമെന്നാണ് ആ ബെഞ്ച് നിരീക്ഷിച്ചിരിക്കുന്നത്.
# ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ മറ്റൊരു ബെഞ്ചിൽ തമിഴ്നാടിന്റെ ഹർജിയും ഉണ്ട്.ജലനിരപ്പ് 142 അടിയായി നിലനിറുത്തണമെന്നാണ് അവരുടെ ആവശ്യം. 2014ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച പഴയ സമിതിക്ക് മേൽനോട്ട ചുമതല നൽകണോ, 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം കേന്ദ്രം ദേശീയ ഡാം സുരക്ഷാ അതോറിട്ടി ചെയർമാനെ അദ്ധ്യക്ഷനാക്കി സ്വമേധയാ രൂപീകരിച്ച പുതിയ സമിതിക്ക് ചുമതല നൽകണോ
എന്നതും ഈ ബെഞ്ച് പരിഗണിക്കുന്നു.
#ഈ ഹർജികളെല്ലാം ഇനി ഒരു ബെഞ്ചിലേക്ക് വരാനാണ് സാദ്ധ്യത. പുതിയ ഡാം വേണമെന്ന നിലപാടിലാണ് കേരളം.ഡാം ഡികമ്മിഷനിംഗിൽ പരിചയമുള്ള രാജ്യാന്തര വിദഗ്ദ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് സംസ്ഥാനം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
ലോകത്തെ പഴക്കമുള്ള ആറു ഡാമുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ.നാലെണ്ണവും ഡികമ്മിഷനിംഗ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |